ബെംഗളൂരു :ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനുശേഷം കർണാടക പോളിങ് ബൂത്തിലേക്ക്. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2,615 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് (09.05.2023) പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയ കര്‍ണാടക, നാളെ രാവിലെ ഏഴിന് പോളിങ് ബൂത്തുകള്‍ തുറന്നുനല്‍കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
സംസ്ഥാനത്തെ 58,545 പോളിങ് സ്റ്റേഷനുകളിലായി 5,10,55172 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. വോട്ടർമാരിൽ 2,58,01408 പുരുഷന്മാരും 2,52,48925 സ്‌ത്രീകളും 4,839 മറ്റുള്ളവരും ഉൾപ്പെടുന്നു. സ്ഥാനാർഥികളിൽ 2,430 പുരുഷന്മാരും 184 സ്‌ത്രീകളും ഒരാൾ ട്രാന്‍സ്‌ജെന്‍ഡറുമാണ്. ആകെ 11,71,558 യുവ വോട്ടർമാരും 5,71,281 ഭിന്നശേഷിക്കാരും 12,15,920 പേര്‍ 80 വയസിനുമുകളിൽ പ്രായമുള്ളവരുമാണ്.
പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 94,931 പേര്‍ :തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നായി 8,500 പൊലീസ് ഉദ്യോഗസ്ഥരേയും ഹോം ഗാർഡുകളേയും സംസ്ഥാനത്ത് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. പുറമെ 1.5 ലക്ഷം പൊലീസുകാരെയും സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. 304 ഡിവൈഎസ്‌പിമാർ, 991 ഇൻസ്പെക്‌ടര്‍മാർ, 2,610 പിഎസ്ഐമാർ, 5,803 എഎസ്ഐമാർ, 46,421 എച്ച്സിമാർ, 27,990 പിസി ഹോം ഗാർഡുകൾ എന്നിങ്ങനെയാണ് കണക്ക്.