കേരളം

kerala

ETV Bharat / bharat

പ്രചാരണച്ചൂടില്‍ കര്‍ണാടക; ആയിരങ്ങള്‍ അണിനിരന്ന റോഡ്‌ ഷോകളുമായി മോദിയും പ്രിയങ്കയും

പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലും പ്രിയങ്ക ഗാന്ധി കുന്ദഗോളയിലുമാണ് റോഡ്‌ ഷോകളില്‍ പങ്കെടുത്തത്

Karnataka Assembly election  PM Modi and Priyanka Gandhi road shows  PM Modi  Priyanka Gandhi  Prime minister  Narendra Modi  AICC General Secretary  പ്രചാരണച്ചൂടില്‍ കര്‍ണാടക  ആയിരങ്ങള്‍ അണിനിരന്ന റോഡ്‌ ഷോ  റോഡ്‌ ഷോ  മോദിയും പ്രിയങ്കയും  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രിയങ്ക ഗാന്ധി  കര്‍ണാടക തെരഞ്ഞെടുപ്പ്  കര്‍ണാടക  കോണ്‍ഗ്രസ്  ബിജെപി
ആയിരങ്ങള്‍ അണിനിരന്ന റോഡ്‌ ഷോകളുമായി മോദിയും പ്രിയങ്കയും

By

Published : Apr 29, 2023, 9:35 PM IST

റോഡ്‌ ഷോകളുമായി മോദിയും പ്രിയങ്കയും

ബെംഗളൂരു:കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണവേദികളെ ആവേശം കൊള്ളിച്ച് റോഡ്‌ ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും. ബെലഗാവി ജില്ലയിലെ കുടച്ചിയിൽ നടന്ന പൊതുയോഗത്തിന് പിന്നാലെ ബെംഗളൂരുവിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. അതേസമയം കുന്ദഗോളയില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുസുമവതി ശിവല്ലിക്കായി വോട്ടഭ്യര്‍ഥിക്കുന്നതിനായി മണ്ഡലത്തിലെത്തിയതായിരുന്നു പ്രിയങ്ക.

പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ:കുടച്ചിയിൽ ശനിയാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെ നടന്ന മൂന്നാമത്തെ പൊതുയോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ. പൊതുയോഗത്തിന് ശേഷം നഗരത്തിലേക്കെത്തിയ പ്രധാനമന്ത്രി പ്രത്യേകം രൂപകൽപന ചെയ്‌ത വാഹനത്തിലാണ് റോഡ്‌ ഷോ നടത്തിയത്. കാവി തൊപ്പി ധരിച്ച് ബാംഗ്ലൂർ നോർത്ത് എംപി ഡി.വി സദാനന്ദ ഗൗഡയ്‌ക്കും ബിജെപി എംഎൽഎ സി.നാരായണസ്വാമിയും നടുവില്‍ നിന്ന് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്‌ത പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് ബെംഗളൂരുവില്‍ തടിച്ചുകൂടിയത്. ഇവര്‍ പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ പൂക്കൾ ചൊരിഞ്ഞു.

പ്രധാനമന്ത്രിയുടെ റോഡ്‌ ഷോയില്‍ ബിജെപി പതാകകളും പോസ്റ്ററുകളും റോഡിൽ നിറഞ്ഞു. മാത്രമല്ല റോഡ്‌ ഷോയ്‌ക്ക് ആവേശം പകരാന്‍ ജനപ്രിയ ഡ്രം നൃത്തമായ 'ഡോളു കുനിത'യും കലാകാരന്മാര്‍ അവതരിപ്പിച്ചു. 5.3 കിലോമീറ്റർ ദൂരം പിന്നിട്ട റോഡ്‌ഷോ വടക്കൻ ബെംഗളൂരുവിലെ മഗഡി റോഡ്, നൈസ് റോഡ് ജങ്‌ഷൻ, സുമനഹള്ളി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്. അതേസമയം പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നടക്കുന്ന റോഡുകളിലുടനീളം വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത് എന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

പ്രചാരണം തകൃതി:ഇന്ന് പകല്‍ ഡൽഹിയിൽ നിന്നും വിമാനത്തില്‍ ബിദറിലെത്തിയ പ്രധാനമന്ത്രി, ജില്ല ആസ്ഥാന നഗരമായ വിജയപുരയിലെയും ബെലഗാവി ജില്ലയിലെ കുടച്ചിയിലെയും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്‌തു. റോഡ്‌ ഷോയ്‌ക്ക ശേഷം ഇന്ന് രാത്രി ബെംഗളൂരുവിൽ തങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച രാവിലെ രാജ്ഭവനിൽ നിന്ന് പുറപ്പെട്ട് കോലാർ, രാമനഗര ജില്ലയിലെ ചന്നപട്ടണം, ഹസൻ ജില്ലയിലെ ബേലൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് മൈസൂരുവിൽ റോഡ്‌ഷോയും നടത്തിയ ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുക.

ആവേശം അലതല്ലി പ്രിയങ്ക ഷോ:കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണവേദികളെ ആവേശം കൊള്ളിച്ചും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് കോണ്‍ഗ്രസെന്നും കര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്നും പ്രിയങ്ക അറിയിച്ചു. കുന്ദഗോളയില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുസുമവതി ശിവല്ലിക്കായി വോട്ടഭ്യര്‍ഥിക്കുന്നതിനായി മണ്ഡലത്തിലെത്തിയതായിരുന്നു പ്രിയങ്ക.

മണ്ഡലത്തിലെ പ്രചാരണത്തിനും റോഡ്‌ ഷോയിലും പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി ഹെലികോപ്റ്ററിലാണ് കുന്ദഗോളയിലെത്തിയത്. ഹെലിപാഡിന് ചുറ്റുമുള്ളവര്‍ക്ക് ഹസ്‌തദാനം നല്‍കി സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷം നേരെ പ്രചാരണ വാഹനത്തിലേക്ക്. ഹുബ്ലിയിലെ ജെഎസ്എസ് വിദ്യാപീഠത്തിൽ നിന്ന് ആരംഭിച്ച് ലക്ഷ്മേശ്വര്‍ സംസ്ഥാന പാതയിലൂടെ നീങ്ങിയ റോഡ്‌ ഷോയില്‍ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും കലാപ്രകടനങ്ങളുമായി കലാകാരന്മാരും അണിനിരന്നു. പ്രിയനേതാവിനെ കാണുവാനും അഭിവാദ്യമര്‍പ്പിക്കുവാനും അസംഖ്യം കോണ്‍ഗ്രസ് നേതാക്കള്‍ വഴിയില്‍ കാത്തുനിന്നു. ഇവര്‍ വഴിത്താരയില്‍ പുഷ്‌പവൃഷ്‌ടിയും നടത്തി.

ബിജെപിയെ കടന്നാക്രമിച്ച്:റോഡ്‌ ഷോയ്‌ക്കിടെ കന്നഡയില്‍ ആരംഭിച്ച പ്രസംഗത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനും പ്രിയങ്ക മറന്നില്ല. കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്ത് ബിജെപി സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും വിലക്കയറ്റം ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഈ സർക്കാരിൽ എത്ര യുവാക്കൾക്ക് ജോലി ലഭിച്ചു. സംസ്ഥാന സർക്കാരിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയെല്ലാം ഭാവി കെട്ടിപ്പടുക്കാനുമുള്ള തെരഞ്ഞെടുപ്പാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തങ്ങൾ സ്‌ത്രീകൾക്കായി 2000 രൂപ ഗ്യാരന്‍റി കാർഡ് ഉറപ്പുനല്‍കുന്നുവെന്നും അന്നഭാഗ്യ, ക്ഷീരഭാഗ്യ പദ്ധതികൾ വീണ്ടും ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details