ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലെ കരുത്തുറ്റ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍. കന്നഡ മണ്ണിലെ വിജയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ഗ്രാന്‍ഡ് ഫിനാലെയായ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറിയുമായ വംശി ചന്ദ് റെഡ്ഡി പങ്കുവയ്‌ക്കുന്നത്. നിലവിലെ വിജയം മുന്നിലുള്ള തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ മോഹങ്ങള്‍ക്ക് ചിറക് മുളപ്പിക്കുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ത്രില്ലടിപ്പിച്ച് 'കര്‍ണാടക':കാറ്റ് ഏത് ദിശയിലാണ് വീശുന്നതെന്ന് കർണാടകയിലെ ജനങ്ങൾ സൂചന നല്‍കി. കർണാടകയിലെ ഫലം വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, ബിജെപിക്കെതിരെയുള്ള വിശ്വസനീയമായ ദേശീയ ബദലെന്ന തങ്ങളുടെ അവകാശവാദത്തെ ശക്തിപ്പെടുത്തും എന്ന് വംശി ചന്ദ് റെഡ്ഡി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളെ ഒപ്പം കൂട്ടാനും ദേശീയ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കർണാടക ഫലം തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്‌മി പാര്‍ട്ടി ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ശക്തമായ സന്ദേശം നൽകുന്നുണ്ടെന്നും 2024 ലെ വന്‍ രാഷ്ട്രീയ പോരാട്ടത്തിനായി കോണ്‍ഗ്രസിനൊപ്പം അണിനിരക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടുത്തിടെ നടന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയങ്ങളില്‍ ബിജെപിയെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ 19 പാര്‍ട്ടികളെ നയിച്ചിരുന്നു. നിലവിലെ കര്‍ണാടക ഫലം കൂടിയാകുമ്പോള്‍ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്നും വംശി ചന്ദ് റെഡ്ഡി അറിയിച്ചു.
ദക്ഷിണേന്ത്യന്‍ മോഡല്‍:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 2014 മുതൽ കോൺഗ്രസ് മുക്ത ഭാരതത്തിനായി ശ്രമിക്കുകയാണ്. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപി രഹിത ദക്ഷിണേന്ത്യയാണ് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 129 ലോക്‌സഭ സീറ്റുകളാണുള്ളതെന്നും കർണാടകയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയും ഒരു പാൻ ഇന്ത്യ പാർട്ടിയുമാണെന്ന ബിജെപിയുടെ അവകാശവാദങ്ങൾ വഴിയേ തുറന്നുകാട്ടപ്പെടുമെന്നും വംശി ചന്ദ് റെഡ്ഡി പറഞ്ഞു.
ഗ്രാന്‍ഡ് ഫിനാലെ ലക്ഷ്യം വച്ച്:കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരം പൊതു അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. 2020 ല്‍ ഞങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത എംപിമാരെ തിരികെ എത്തിച്ച് ഛത്തീസ്‌ഗഡും രാജസ്ഥാനും തിരിച്ചുപിടിച്ചതോടെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപകമായ സാന്നിധ്യം പൊതുജനങ്ങളില്‍ പ്രകടമായി എന്നും വംശി ചന്ദ് റെഡ്ഡി അഭിപ്രായപ്പെട്ടു. ഫെബ്രുവരിയിലെ പ്ലീനറി സമ്മേളനത്തിൽ തങ്ങൾ അംഗീകരിച്ച പാർട്ടി പരിഷ്‌കാരങ്ങളെക്കാൾ കർണാടക തെരഞ്ഞെടുപ്പിന് മുൻഗണന ലഭിച്ചുവെന്നും നിലവില്‍ സംഘടനയിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം, എല്ലാം 2024 ലെ വന്‍ പോരാട്ടത്തിലേക്ക് വഴിനടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.