കേരളം

kerala

ETV Bharat / bharat

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, കൂടുമാറിയെത്തിയവര്‍ക്കും സീറ്റ് - എഐസിസി

വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു, അടുത്തിടെ കോണ്‍ഗ്രസിലേക്ക് എത്തിയ മുഖങ്ങള്‍ക്കും സീറ്റ് അനുവദിച്ച് പാര്‍ട്ടി

Karnataka Assembly Election  Congress announced second list of Candidates  Karnataka Assembly  Congress  കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിനുള്ള  സ്ഥാനാര്‍ഥി പട്ടിക  പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്  കൂടുമാറിയെത്തിയവര്‍ക്കും സീറ്റ്  കര്‍ണാടക അസംബ്ലി  കര്‍ണാടക  കോണ്‍ഗ്രസ്  എഐസിസി
രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

By

Published : Apr 6, 2023, 3:45 PM IST

ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ യോഗങ്ങള്‍ക്ക് ശേഷമാണ് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) 42 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടത്. അതേസമയം ഈ വരുന്ന മേയ്‌ 10നാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

അതിഥികള്‍ക്കുള്ള സീറ്റ്: അടുത്തിടെ കോണ്‍ഗ്രസ് പാളയത്തിലെത്തിയ അഞ്ചുപേര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്‍.വൈ ഗോപാലകൃഷ്‌ണ, ബാബുറാവു ചിഞ്ചൻസൂർ, എസ്‌.ആര്‍ ശ്രീനിവാസ്, വി.എസ്‌ പാട്ടീല്‍, ബി.എല്‍ ദേവരാജ് എന്നിവരെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് പരിഗണിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ബിജെപി വിട്ടെത്തിയ എന്‍.വൈ ഗോപാലകൃഷ്‌ണയെ ചിത്രദുര്‍ഗ ജില്ലയിലെ എസ്‌ടി റിസര്‍വേഷന്‍ മണ്ഡലമായ മൊളകാല്‍മുരുവില്‍ നിന്നാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക

കോണ്‍ഗ്രസിലേക്ക് കൂടുമാറിയ ബിജെപി ലജിസ്ലേറ്റീവ് കൗണ്‍സിലംഗം ബാബുറാവു ചിഞ്ചൻസൂറിനെ കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ള ഗുര്‍മിത്‌കല്‍ ടിക്കറ്റിലാണ് കോണ്‍ഗ്രസ് പരിഗണിച്ചത്. പുറത്തുവിട്ട പട്ടിക പ്രകാരം എംഎല്‍എ സ്ഥാനം ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തിയ ജെഡിഎസ്‌ നിയമസഭാംഗം എസ്‌.ആര്‍ ശ്രീനിവാസിനെ ഗബ്ബി മണ്ഡലത്തില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നാളുകള്‍ നീണ്ട ബിജെപി ബാന്ധവം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് എത്തിയ വി.എസ്‌ പാട്ടീല്‍ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപൂരില്‍ നിന്ന് മത്സരിക്കും. ജെഡിഎസില്‍ നിന്നെത്തിയ ബിഎല്‍ ദേവരാജ് മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ടേ മണ്ഡലത്തിലും ജനവിധി തേടും. എന്നാല്‍ ജെഡിഎസില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ വൈ.എസ്‌.വൈ ദത്തയെ ചിക്കമംഗലൂരു ജില്ലയിലെ കടൂര്‍ മണ്ഡലത്തില്‍ നിന്ന് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പട്ടികയില്‍ അദ്ദേഹം സ്ഥാനം പിടിച്ചില്ല. പകരം ആനന്ദ് കെ.എസ്‌ കടൂര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക

മത്സരം കടുക്കുമ്പോള്‍:മാണ്ഡ്യ ജില്ലയിലെ മേലുകോട്ട് മണ്ഡലത്തിൽ സർവോദയ കർണാടക പാർട്ടിയുടെ ദർശൻ പുട്ടണ്ണയ്യയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. മാത്രമല്ല മുന്‍ മന്ത്രിമാരായിരുന്ന വിനയ് കുല്‍കര്‍ണി (ധര്‍വാദ്), സന്തോഷ്.എസ്‌ ലാഡ് (കല്‍ഘട്‌ഗി), എച്ച്.ആഞ്ജനേയ (ഹോളൽകെരെ), കിമ്മനെ രത്‌നാകർ (തീർത്ഥഹള്ളി), ബി.ശിവറാം (ബേലൂർ), ആർ.ബി തിമ്മാപൂർ (മുധോൾ) എന്നിവരെ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിച്ചിട്ടുണ്ട്. അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ വരെ ജനവിധി തേടുമെന്ന ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്ന കോലാര്‍ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിയെ രണ്ടാംഘട്ട പട്ടികയിലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.

ആദ്യം ആരെല്ലാം:മാര്‍ച്ച് 25 ന് പുറത്തുവിട്ട ആദ്യ പട്ടികയില്‍ കോണ്‍ഗ്രസ് 124 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരുടെ പേരുകളും ആദ്യ പട്ടികയിലുണ്ടായിരുന്നു. ഇതുപ്രകാരം സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ കനകപുര മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുക. സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക മാര്‍ച്ച് 25 ന് മുമ്പ് തന്നെ പുറത്തുവരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിവച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അറിയിക്കുകയായിരുന്നു. ഇനി 58 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കാനുള്ളത്.

ABOUT THE AUTHOR

...view details