ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് നിരക്ക് ഒരു ശതമാനത്തില്‍ കുറവുള്ള ജില്ലകളില്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ മുഴുവന്‍ കാണികളേയും ഉള്‍ക്കൊള്ളിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി. പോസിറ്റിവിറ്റി നിരക്ക് 1-2 ശതമാനത്തിന് ഇടയിലുള്ള ജില്ലകളില്‍ അമ്പത് ശതമാനം സിറ്റിങ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. എന്നാല്‍ രണ്ട് ശതമാനത്തിന് മുകളില്‍ കൊവിഡ് നിരക്കുള്ള ജില്ലകളില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദമില്ല.
തിയേറ്റുകളിലെത്തുന്നവര്‍ക്ക് ഒരു ഡോസ് വാക്‌സിനേഷനെങ്കിലും നിര്‍ബന്ധമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികളെ എന്നിവരെ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഓഡിറ്റോറിയങ്ങള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് മുതല്‍ സംസ്ഥാനത്തെ പബുകള്‍ തുറക്കുന്നതിനും സമാന മാനദണ്ഡമാണെന്ന് അദ്ദേഹം പറഞ്ഞു.