ലക്‌നൗ:മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. മേയ് 16ന് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ അദ്ദേഹം പത്രികയും നല്‍കി. നേരത്തെ കപില്‍ സിബല്‍ യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗമായിരുന്നു.
സമാജ്‌വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശില്‍ മൂന്ന് സീറ്റുകളുണ്ട്. പാര്‍ട്ടി മേധാവി അഖിലേഷ് യാദവുമായി ലക്‌നൗവില്‍ കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ സിബല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. സ്വതന്ത്രനായി രാജ്യസഭയില്‍ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോണ്‍ഗ്രസില്‍ സംഘടന തലത്തില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെടുന്ന ജി 23 സംഘത്തിന്‍റെ ഭാഗമായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസിലെ ഗന്ധികുടുംബത്തിന്‍റെ നേതൃത്വത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. യുപിഎ മന്ത്രിസഭയില്‍ നിര്‍ണായക പദവികള്‍ വഹിച്ചയാളാണ് സിബല്‍. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരിലും കപില്‍ സിബൽ പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് രാജ്യസഭയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് പരിമിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ പോരാടുന്നതിന് വേണ്ടി പ്രതിപക്ഷ കൂട്ടായ്‌മ സൃഷ്‌ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ താന്‍ മുന്‍നിരയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍ററി രംഗത്ത് കഴിവ് തെളിയിച്ച കപില്‍ സിബലിന് വിലക്കയറ്റം അടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ മികച്ച രീതിയില്‍ ഉയര്‍ത്താന്‍ കഴിയുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു