ലഖ്‌നൗ: കാൻപൂർ റെയ്‌ഡിൽ നോട്ടുകൾ എണ്ണിത്തീർന്നു. വ്യവസായി പീയുഷ് ജെയ്‌നിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 177 കോടി രൂപ. 36 മണിക്കൂർ എടുത്താണ് ഉദ്യോഗസ്ഥർ നോട്ട് എണ്ണിത്തീർന്നത്. എണ്ണിത്തീർന്ന ശേഷം നോട്ടുകൾ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ കണ്ടെയ്‌നർ വരുത്തി. 21 പെട്ടികളിലാക്കിയാണ് നോട്ടുകൾ കൊണ്ടുപോയത്. പണം എണ്ണിത്തീരാൻ അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങൾ വേണ്ടിവന്നു.
അഹമ്മദാബാദിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്‌ടി ഇന്‍റലിജൻസിന്‍റെയും (ഡിജിജിഐ) ആദായ നികുതി വകുപ്പിന്‍റെയും റെയ്‌ഡിലാണ് കണക്കിൽപ്പെടാത്ത 177 കോടി രൂപ കണ്ടെടുത്തത്. എസ്ബിഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നോട്ടുകൾ എണ്ണിത്തീർന്നത്.
സുഗന്ധ വ്യാപാരി പീയുഷ് ജെയ്‌ൻ, പാൻ മസാല നിർമാതാവ് എന്നിവരുടെ ഓഫിസുകളിലും വീടുകളിലുമാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയത്. പിയൂഷ് ജെയ്‌നിന്‍റെ കാൺപൂർ, കനൗജ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ വീട്, ഫാക്‌ടറി, ഓഫിസ്, കോൾഡ് സ്റ്റോർ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്.