ലഖ്‌നൗ: കോടികളുടെ പണം തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാൻപൂരിൽ നിന്നുള്ള സുഗന്ധ വ്യാപാരി പീയുഷ് ജെയ്‌നിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജിഎസ്‌ടിയുടെ ഇന്‍റലിജൻസ് വിഭാഗം പീയുഷ് ജെയ്‌നിന്‍റെ കാൺപൂരിലെയും കനൗജിലെയും വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിൽ കോടികൾ വിലമതിക്കുന്ന പണവും സ്വർണവും പിടിച്ചെടുത്തിരുന്നു.
തുടർന്ന് വ്യവസായി നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ 2017ലെ സിജിഎസ്‌ടി നിയമത്തിലെ സെക്ഷൻ 69 പ്രകാരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ജെയ്‌നിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി ആദായനികുതി വകുപ്പിലെയും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിലെയും ഉദ്യോഗസ്ഥർ പീയുഷ് ജെയ്‌നിന്‍റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തുകയാണ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും റെയ്‌ഡിനിടെ പിടിച്ചെടുത്തു.