ബെംഗളൂരു:കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്‍റെ (46) മൃതദേഹം സംസ്‌കരിച്ചു. പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് ഞായറാഴ്‌ച രാവിലെ ചടങ്ങുകള്‍ നടന്നത്. അച്ഛന്‍ രാജ്‌കുമാറിന്‍റെയും അമ്മ പാർവതമ്മ രാജ്‌കുമാറിന്‍റെയും ശവകുടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് മൃതദേഹം അടക്കം ചെയ്‌തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാന്‍ എത്തിയത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുകൂടിയായ പുനീതിന്‍റെ മൃതദേഹത്തിനു മുന്‍പില്‍ പൊലീസ് മൂന്ന് റൗണ്ട് ആചാര വെടിമുഴക്കി. തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദേശീയ പതാക പുതപ്പിച്ചു. രണ്ടുദിവസമായി കണ്ഡീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം രാവിലെ 5:30 ന് സ്റ്റുഡിയോയിലേക്ക് വിലാപയായത്രയായി എത്തിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറെടുത്താണ് മൃതദേഹം സ്റ്റുഡിയോയില്‍ എത്തിയത്.