ചെന്നൈ : തമിഴ് സീരിയൽ നടൻ നൈന മുഹമ്മദ് എന്ന അർണവിനെതിരെ പീഡനാരോപണവുമായി കന്നട സീരിയൽ നടി ദിവ്യ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഗർഭിണിയായ തന്നെ അർണവ് മർദിച്ചുവെന്നും ദിവ്യ വീഡിയോയിലൂടെ വെളിപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷമായി തിരുവെക്കാടുള്ള ഫ്ലാറ്റിൽ ഇരുവരും ലിവ് ഇൻ ബന്ധത്തിലായിരുന്നു. എന്നാൽ ഇസ്ലാം മതം സ്വീകരിച്ചാൽ വിവാഹം ചെയ്യാമെന്ന് അർണവ് പറഞ്ഞതനുസരിച്ച് ദിവ്യ മതപരിവർത്തനം നടത്തി. തുടർന്ന് ഹിന്ദു ആചാരപ്രകാരവും ഇസ്ലാം ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. നിലവിൽ മൂന്ന് മാസം ഗർഭിണിയാണ് ദിവ്യ.
തമിഴ് സീരിയൽ നടനെതിരെ പീഡനാരോപണവുമായി കന്നട സീരിയൽ നടി ദിവ്യ കൊറോണ സമയത്ത് അർണവിന് പണി ഇല്ലാതിരുന്നപ്പോൾ താൻ ജോലിക്ക് പോയി പണം അർണവിനെ ഏൽപ്പിക്കുമായിരുന്നു. എന്നാൽ അർണവ് തന്നെ വഞ്ചിച്ചുവെന്നും നിലവിൽ അയാൾ മറ്റൊരു നടിയുമായി പ്രണയത്തിലാണെന്നും ദിവ്യ ആരോപിക്കുന്നു.
ഇത് അറിഞ്ഞതിന് ശേഷം അർണവുമൊത്തുള്ള വിവാഹ ചിത്രങ്ങൾ ദിവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതേത്തുടർന്ന് വാക്കേറ്റമുണ്ടാവുകയും ഗർഭിണിയായ തന്നെ അർണവ് മർദിച്ചുവെന്നും നടി വീഡിയോയിൽ പറയുന്നു.
നിലവിൽ ചെന്നൈയിലെ കിൽപോക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് നടി. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് തിരുവേക്കാട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. നടിയുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.