ബെംഗളൂരു: പ്രശസ്‌ത കന്നഡ നടൻ ഡോ. ശിവരാജ്‌കുമാറിന്‍റെ ഭാര്യ ഗീത ശിവരാജ്‌കുമാർ കോൺഗ്രസിൽ ചേർന്നു. കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന്‍റെ സാന്നിധ്യത്തിലാണ് ഗീത ശിവരാജ്‌കുമാർ കോൺഗ്രസിൽ അംഗത്വം എടുത്തത്. ഗീതയുടെ സഹോദരൻ സൊറാബ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മധു ബംഗാരപ്പയും ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ എസ് ബംഗാരപ്പയുടെ മകളാണ് ഗീത ശിവരാജ്‌കുമാർ.
സൊറാബ നിയമസഭ മണ്ഡലത്തിൽ മധു ബംഗാരപ്പയ്ക്ക് വേണ്ടി ഗീത നേരത്തെ തന്നെ പ്രചാരണം നടത്തുന്നുണ്ട്. സൊറാബയിൽ അവരുടെ ജ്യേഷ്‌ഠൻ കുമാർ ബംഗാരപ്പ ബിജെപി സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായതിനാൽ സഹോദരങ്ങൾ തമ്മിൽ നടക്കുന്ന മത്സരത്തിന് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്.
മധു ബംഗാരപ്പയെ പിന്തുണച്ച് ഗീത ശിവരാജ് കുമാർ പ്രചാരണത്തിനിറങ്ങും. ഒരു വർഷം മുമ്പാണ് മധു ബംഗാരപ്പ ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേർന്നത്. ഗീത ശിവരാജ്‌കുമാർ സജീവ ജെഡി (എസ്) പ്രവർത്തകയാണ്. 2014ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ ജെഡി(എസ്) സ്ഥാനാർഥിയായി ഗീത ശിവരാജ്‌കുമാർ മത്സരിച്ചിരുന്നു. പക്ഷേ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണുണ്ടായത്.
'എന്‍റെ സഹോദരൻ എവിടെയാണെങ്കിലും, ഞാനും അവിടെ ഉണ്ടാകും, ഞങ്ങൾ നാളെ മുതൽ പ്രചരണത്തിന് പോകുന്നു, ചില സ്ഥലങ്ങളിൽ ഭർത്താവ് ശിവരാജ്‌കുമാറും പ്രവർത്തനങ്ങളിൽ പങ്കാളിയാകും. ഇത്തരമൊരു ചരിത്ര പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്. എവിടെ പ്രചാരണം നടത്തണം എന്നത് സംബന്ധിച്ച് ഒരു ഷെഡ്യൂൾ തയ്യാറാക്കി വരികയാണ്. ശിവരാജ്‌കുമാർ സൊറബയിൽ പ്രചാരണം നടത്തും. ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗിന്‍റെ തിരക്കിലാണ്. അദ്ദേഹം പ്രചാരണത്തിന് വരുമെന്ന് അറിയിച്ചിട്ടുണ്ട്', ചടങ്ങിൽ സംസാരിച്ച ഗീത ശിവരാജ്‌കുമാർ പറഞ്ഞു.