പനാജി:തലകുത്തി മറിയുന്നതിനിടെ പ്രശസ്‌ത കന്നട താരം ദിഗന്ത് മഞ്ചാലെയ്‌ക്ക് പരിക്ക്. ഗോവയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ നടന്‍റെ കഴുത്തിന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ചൊവ്വാഴ്‌ച (ജൂൺ 21) രാവിലെയായിരുന്നു സംഭവം. ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ അദ്ദേഹത്തെ വിമാന മാർഗം ബെംഗളൂരുവില്‍ എത്തിക്കുകയും തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. താരത്തിന്‍റെ അപകട വാർത്തയറിഞ്ഞ് ആരാധകരും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് ആശുപത്രിയിലേക്ക് എത്തിയത്.
തലകുത്തി മറിഞ്ഞതിൽ സുഷുമ്‌ന നാഡിക്കും കഴുത്തിനും പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തെ എംആർഐ ഉൾപ്പെടെ നിരവധി പരിശോധനകൾക്ക് വിധേയനാക്കിയതായി ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുടെ പിതാവ് അറിയിച്ചു. നിലവിൽ ദിഗന്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.