മുംബൈ : തനിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്‌ടക്കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ നിരസിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ നടി കങ്കണ റണാവത്ത് നൽകിയ ഹർജി മുംബൈ സെഷൻസ് കോടതി തള്ളി. തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്‌ട കേസ് അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കങ്കണ ഹർജി നൽകിയത്.
ഒക്ടോബറിൽ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് മാനനഷ്‌ടക്കേസ് മാറ്റണമെന്ന കങ്കണയുടെ ഹർജി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റും (സിഎംഎം) തള്ളിയിരുന്നു. 2020 ലാണ് ജാവേദ് അക്‌തർ കങ്കണക്കെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്‌തത്.
ബോളിവുഡിൽ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്‍റെ ഭാഗമാണ് ജാവേദ് അക്‌തർ എന്നായിരുന്നു കങ്കണയുടെ പരാമർശം. ഇത് തന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജാവേദ് അക്തര്‍ പരാതി നൽകുകയായിരുന്നു.
ALSO READ:'വർഗീയ വിദ്വേഷം പടർത്തുന്നു' ; കങ്കണയുടെ പത്മശ്രീ പിൻവലിക്കണമെന്ന് ഡൽഹി സിഖ് കമ്മിറ്റി
പിന്നാലെ ജാവേദ് അക്‌തർ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി കങ്കണയും പരാതി നൽകി. കൂടാതെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിലുള്ള തന്‍റെ വിശ്വാസം നഷ്‌ടപ്പെട്ടതായും നടി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് താരം ആവശ്യപ്പെട്ടത്.