മുംബൈ :കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സര്‍ക്കാരിന്‍റെ പുതിയ നീക്കം അഭിനന്ദനാര്‍ഹമാണെന്ന് കങ്കണ പറഞ്ഞു. ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലൂടെയായിരുന്നു വിഷയത്തില്‍ താരത്തിന്‍റെ അഭിപ്രായപ്രകടനം.
ഇസ്രയേൽ പോലുള്ള പല രാജ്യങ്ങളും യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. അച്ചടക്കം, ദേശീയത, തുടങ്ങിയ ജീവിത മൂല്യങ്ങൾ പഠിക്കാൻ കുറച്ച് വർഷങ്ങള്‍ എല്ലാവരും സൈന്യത്തിന് നൽകുന്നു. കരിയർ കെട്ടിപ്പടുക്കുക, തൊഴിൽ നേടുക അല്ലെങ്കിൽ പണം സമ്പാദിക്കുക എന്നതിലുപരി അഗ്നിപഥ് സ്‌കീമിന് ആഴത്തിലുള്ള മറ്റ് അർഥങ്ങളാണുള്ളതെന്നും കങ്കണ അവകാശപ്പെട്ടു.
കങ്കണയുടെ ഇന്‍സ്‌റ്റഗ്രാം കുറിപ്പ് Also read: 'അഗ്‌നിവീരര്‍'ക്ക് സൈനിക തസ്‌തികകളില്‍ 10% സംവരണം ; പ്രഖ്യാപനം 'അഗ്‌നിപഥ്' പ്രതിഷേധം ആളിക്കത്തുന്നതിനിടെ
പുതുതായി ആരംഭിച്ച അഗ്നിപഥ് പദ്ധതിയെ പരമ്പരാഗത ഗുരുകുല സമ്പ്രദായങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായും കങ്കണ താരതമ്യം ചെയ്‌തു. മയക്കുമരുന്നിനും, പബ്‌ജി പോലുള്ള ഗെയിമുകള്‍ക്കും അടിമപ്പെട്ട യുവാക്കള്‍ക്ക് ഇത്തരം പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ബോളിവുഡ് താരം കൂട്ടിച്ചേര്‍ത്തു.
ജൂൺ 14 നാണ് സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളിലേക്കും ഹ്രസ്വകാല അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റിനായി കേന്ദ്രം പുതിയ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്. ഇതിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെമ്പാടും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പല സംസ്ഥാനങ്ങളിലും കലാപങ്ങള്‍ക്ക് സമാനമായ രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം അലയടിക്കുന്നത്.