മുംബൈ : സൽമാൻ ഖാനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കരങ്ങളിൽ സുരക്ഷിതമാണെന്നും അതുകൊണ്ട് തന്നെ സുരക്ഷയെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയ നടി കങ്കണ റണാവത്ത് മാധ്യമങ്ങളോട് സംസാരിക്കുകവേയാണ് പരാമർശം. 'തങ്ങൾ അഭിനേതാക്കളാണ്. സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഭയപ്പെടേണ്ടതില്ല. തനിക്ക് ഭീഷണിയുണ്ടായപ്പോൾ, സർക്കാർ സുരക്ഷ നൽകിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. തങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല' - കങ്കണ വ്യക്തമാക്കി.
വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് വധഭീഷണി മുഴക്കുന്നത്.
വേട്ടയാടൽ, കോടതി വിധി, പിന്നാലെ വധഭീഷണി :1998ൽ രാജസ്ഥാനിൽ സിനിമ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ രണ്ട് കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടിയത്. കൃഷ്‌ണ മൃഗത്തെ ബിഷ്‌ണോയ് വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയ കേസിൽ 2018ൽ ജോധ്പൂർ കോടതി സൽമാൻ ഖാന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ വധഭീഷണി ഉയർന്നത്. സൽമാൻ ഖാനെ കൊല്ലുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് ലോറൻസ് ബിഷ്‌ണോയ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.