ഷിംല: രാഷ്‌ട്രീയമോഹം വെളിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ ജനങ്ങളെ ഏതുവിധേനയും സേവിക്കണമെന്നതാണ് തന്‍റെ ആഗ്രഹമെന്നും അതിനായി രാഷ്‌ട്രീയത്തിൽ ചേരണമെങ്കിൽ അതിനും തയാറാണെന്നും കങ്കണ പറഞ്ഞു. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ അത് അഭിമാനകരമാണെന്ന് മണാലിയിൽ നിന്നുള്ള താരം പറഞ്ഞു.
സാഹചര്യം എന്തുതന്നെ ആയാലും തന്‍റെ പങ്കാളിത്തം സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ തരത്തിലുമുള്ള പങ്കാളിത്തത്തിനും താൻ തയാറാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരെ സേവിക്കാൻ അവസരം നൽകിയാൽ അത് തീർച്ചയായും തന്‍റെ ഭാഗ്യമാണെന്നും 35കാരിയായ കങ്കണ പറഞ്ഞു. നവംബർ 12ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയിൽ നടന്ന പഞ്ചായത്ത് ആജ്‌തക് ഹിമാചൽ പ്രദേശ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
ഡിസംബർ എട്ടിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. രാഷ്‌ട്രീയത്തിൽ വരാൻ തനിക്ക് പദ്ധതിയില്ലെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്നും ഈ മാസം ആദ്യം കങ്കണ പറഞ്ഞിരുന്നു. ആ പ്രസ്‌താവന മറികടന്നാണ് കങ്കണ റണാവത്ത് ഇപ്പോൾ രാഷ്ട്രീയ താല്‍പര്യം വെളിപ്പെടുത്തിയത്.
അക്കൗണ്ട് തിരികെ നൽകിയാൽ ട്വിറ്ററിലേക്ക് മടങ്ങിയെത്തും: ഇലോൺ മസ്‌കിന്‍റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് തന്‍റെ അക്കൗണ്ട് തിരിച്ചുനൽകുകയാണെങ്കിൽ തീർച്ചയായും മടങ്ങിവരുമെന്ന് താരം മറുപടി നൽകി. ഒരു വർഷമായിരുന്നു ഞാൻ ട്വിറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു വർഷം പോലും ട്വിറ്ററിന് എന്നെ സഹിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.