ബോളിവുഡ് താരം കങ്കണ റണാവത്ത് (Kangana Ranaut) നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചന്ദ്രമുഖി 2' (Chandramukhi 2). 'ചന്ദ്രമുഖി 2'ലെ കങ്കണയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷൻസാണ് (Lyca Productions) കങ്കണയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
കൊട്ടരത്തിനകത്ത് നില്‍ക്കുന്ന കങ്കണയെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. സ്വര്‍ണ കസവ് ഡിസൈനോടു കൂടിയ പച്ച നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് കങ്കണ ഫസ്‌റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ ആഭരണങ്ങളും കങ്കണ ധരിച്ചിട്ടുണ്ട്.
'ചന്ദ്രമുഖി 2ലെ ചന്ദ്രമുഖിയായുള്ള കങ്കണ റണാവത്തിന്‍റെ ആദ്യ ലുക്ക് അവതരിപ്പിക്കുന്നു. ഗണേശ ചതുർഥി റിലീസായി തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും' -ഇപ്രകാരമാണ് കങ്കണയുടെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം ലൈക്ക പ്രൊഡക്ഷൻസ് കങ്കണയുടെ വരവറിയിച്ച് കൊണ്ടുള്ള ഒരു അനൗന്‍സ്‌മെന്‍റ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 'ഫാഷൻ', 'തനു വെഡ്‌സ് മനു', 'ക്രിഷ് 3', 'ക്വീൻ', 'മണികർണിക', 'തലൈവി' തുടങ്ങി കങ്കണയുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതായിരുന്നു വീഡിയോ. വീഡിയോക്കൊടുവില്‍ 'ചന്ദ്രമുഖി 2'ൽ നിന്നുള്ള കങ്കണയുടെ ലുക്കിന്‍റെ ഒരു നേർക്കാഴ്‌ചയും ഉണ്ട്. കങ്കണയും ഈ വീഡിയോ തന്‍റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരുന്നു.
'കാത്തിരിപ്പിന് അവസാനം! തന്‍റെ സൗന്ദര്യം, സ്വഭാവം, ബോള്‍ഡ്‌നെസ് എന്നിവയിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ വാഴുന്ന ഈ രാജ്ഞി തിരിച്ചെത്തിയിരിക്കുന്നു!' -ഇപ്രകാരമായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ച കങ്കണയുടെ ഫസ്‌റ്റ് ലുക്ക് അനൗന്‍സ്‌മെന്‍റ് പോസ്‌റ്റ്.
നേരത്തെ, ചിത്രത്തില്‍ നിന്നുള്ള രാഘവ ലോറൻസിന്‍റെ (Raghava Lawrence) ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. വേട്ടയ്യൻ രാജ (King Vettaiyan) എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ രാഘവ ലോറന്‍സ് അവതരിപ്പിക്കുന്നത്. ഗോവണിപ്പടിയില്‍ നിന്നും ഇറങ്ങി വരുന്ന രാഘവ ലോറന്‍സിന്‍റെ കഥാപാത്രത്തെയാണ് ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക. പച്ചയും മെറൂണും കലര്‍ന്ന രാജകീയ വേഷത്തില്‍, ദേഹമാസകലം ആഭരണങ്ങള്‍ അണിഞ്ഞ രാഘവ ലോറൻസിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.