ഹൈദരാബാദ്: ബോളിവുഡിലെ ശക്തവും വ്യത്യസ്‌തവുമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനയത്രി കങ്കണ റണാവത്ത് 36 -ാം ജന്മദിനാഘോഷ നിറവിൽ. ഗ്യാങ്‌സ്‌റ്റർ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേയ്‌ക്ക് ചുവടുവെച്ച താരം തന്‍റെ വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ കഴിഞ്ഞ 17 വർഷമായി വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുയാണ്. നായിക എന്നതിലുപരി സംവിധായികയും നിർമാതാവുമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന താരത്തിന്‍റെ അഭിനയ മികവ്, നിർഭയ വ്യക്തിത്വം എന്നിവയെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കാൻ കാരണമായിട്ടുണ്ട്. കങ്കണ റണാവത്ത് എന്ന അഭിനേത്രിയുടെ ശ്രദ്ധേയമായ ചിത്രങ്ങളും കഥാപാത്രങ്ങളും നോക്കാം..
ഗ്യാങ്‌സ്‌റ്റർ (2006) : കങ്കണ റണാവത്തിന്‍റെ ബോളിവുഡിലെ ആദ്യ സിനിമയാണ് ഗ്യാങ്‌സ്‌റ്റർ. അനുരാഗ് ബസു സംവിധാനം ചെയ്‌ത ഈ ചിത്രമാണ് താരത്തിന് അഭിനയ ലോകത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തത്.
ഒരു ഗുണ്ട നേതാവും കങ്കണ അവതരിപ്പിച്ച ബാർ നർത്തകിയും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ള കഥയിൽ ഇമ്രാൻ ഹാഷ്‌മി കൂടി കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
ഫാഷൻ (2008): കങ്കണ എന്ന നടിക്ക് ജനപ്രീതി നേടിക്കൊടുത്ത ചിത്രമാണ് ഫാഷൻ. പ്രിയങ്ക ചോപ്രയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും ജീവിതത്തിൽ തകർച്ച നേരിട്ട ഒരു മോഡലായുള്ള മികച്ച കഥാപാത്രത്തിലൂടെ ശ്രദ്ധ ആകർഷിക്കാൻ കങ്കണയ്‌ക്ക് കഴിഞ്ഞു.
താരത്തിന് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയാണ് ഫാഷൻ.
ക്വീൻ (2014): വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങൾ കണ്ട് തിരിച്ചടി നേരിട്ട റാണി മെഹ്‌റ എന്ന യുവതിയുടെ കഥാപാത്രമാണ് കങ്കണ ഈ സിനിമയിൽ തകർത്തഭിനയിച്ചത്. പ്രതിശ്രുത വരൻ വിജയ് ദിംഗ്‌ര (രാജ്‌കുമാർ റാവു) വിവാഹത്തിന്‍റെ തലേ ദിവസം ബന്ധത്തിൽ നിന്ന് പുന്മാറുമ്പോൾ അവൾ സ്വപ്‌നം കണ്ട മധുവിധു യാത്ര ഒറ്റയ്ക്ക് പൂർത്തിയാക്കുന്നതാണ് കഥയുടെ പശ്ചാത്തലം.
പുരുഷ മേധാവിത്വമുള്ള സമൂഹത്തിൽ സ്വതന്ത്ര ജീവിതം നയിക്കാൻ മടിക്കുന്ന പെൺകുട്ടികൾക്ക് കങ്കണയുടെ കഥാപാത്രത്തിൽ നിന്ന് വലിയ പ്രചോദനം നേടാനായി എന്നത് ഈ ചിത്രത്തിന്‍റെ വിജയമാണ്. ക്വീനിലെ അഭിനയത്തിന് കങ്കണയ്‌ക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.