മുംബൈ: പത്മഭൂഷൺ ജേതാവും പ്രശസ്‌ത നർത്തകിയുമായ ഡോ. കനക് റെലെ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
മോഹിനിയാട്ടത്തെ ആഗോള പ്രശസ്‌തിയിലെത്തിച്ചു: ഗുജറാത്തില്‍ ജനിച്ച കനക് റെലെ മോഹിനിയാട്ടം നർത്തകി എന്ന നിലയിലാണ് ആഗോള പ്രശസ്‌തയായത്. വളരെ ചെറുപ്പത്തില്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനിലെത്തിയെ കനക് റെലെ കഥകളിയിലും മോഹിനായാട്ടത്തിലും ആകൃഷ്‌ടയായി. ഏഴാം വയസില്‍ തന്നെ കഥകളി അഭ്യസിക്കാൻ ആരംഭിച്ചു.
പ്രശസ്‌ത കഥകളി പഠനത്തില്‍ കരുണാകര പണിക്കരായിരുന്നു ആദ്യ ഗുരു. 1970ല്‍ കേരളത്തിലെത്തിയ കനക് റെലെ പ്രശസ്‌ത മോഹിനിയാട്ട നർത്തകിമാരായ കുഞ്ഞുകുട്ടി അമ്മ, ചിന്നമ്മു അമ്മ, കല്യാണിക്കുട്ടി അമ്മ എന്നിവരില്‍ നിന്ന് മോഹിനിയാട്ടത്തെ കുറിച്ച് വിശദമായി പഠിച്ചു. പിന്നീട് മോഹിനിയാട്ടത്തിന് സ്വന്തമായി ഭാഷ്യം ചമച്ച കനക് റെലെ സ്കൂൾ ഓഫ് മോഹിനിയാട്ടം ലോക പ്രശസ്‌തമായി. കനക് റെലെ സൃഷ്‌ടിച്ച സിലപ്പഡികാരം, സ്വപ്‌നവാസവദത്തം, കുബ്‌ജ എന്നി പേരുകളില്‍ പ്രശസ്‌തമായ മോഹിനിയാട്ട രൂപങ്ങൾ ആഗോളപ്രശസ്‌തമാണ്.