ബെംഗളൂരു:കമ്പള പോത്തോട്ട മത്സരത്തില്‍ വേഗത കൊണ്ട് ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുവിളിച്ച ഒരു താരമുണ്ട് കര്‍ണാടകയില്‍. ശ്രീനിവാസ ഗൗഡയെന്ന പോത്തോട്ടക്കാരന്‍ തന്‍റെ വേഗത കൊണ്ട് കായിക ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒളിമ്പിക്‌സ് ജേതാവായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്‌ച വെച്ചതിനാല്‍ രാജ്യമെമ്പാടും നിന്നും അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ തേടിയെത്തിയിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പരിശീലനം വാഗ്‌ദാനം ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും ശ്രീനിവാസ ഗൗഡയെ തേടിയെത്തി.
കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രീനിവാസ ഗൗഡ കമ്പള പോത്തോട്ട മത്സരത്തില്‍ സജീവമാണ്. 2020 ഫെബ്രുവരി 1ന് നടന്ന കമ്പള മത്സരത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് അദ്ദേഹം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. 142.50 മീറ്റര്‍ പിന്നിടാന്‍ ശ്രീനിവാസ ഗൗഡ വെറും 13.46 സെക്കന്റുകള്‍ മാത്രമാണ് എടുത്തത്. ഈ വര്‍ഷം അദ്ദേഹം തന്റെ പഴയ റെക്കോര്‍ഡും തിരുത്തി. കഴിഞ്ഞ ആഴ്‌ച വേണൂര് നടന്ന മത്സരത്തില്‍ 8.89 സെക്കന്‍റുകള്‍ കൊണ്ടാണ് ശ്രീനിവാസ ഗൗഡ നൂറു മീറ്റര്‍ ഓടിയെത്തിയത്. അതേ സമയം മാര്‍ച്ച് 28ന് നടത്തിയ പോത്തോട്ട മത്സരത്തില്‍ ഗൗഡ നൂറു മീറ്റര്‍ ഓടിയെത്തിയത് 8.78 സെക്കന്‍റുകള്‍ കൊണ്ടാണ്. ആശ്ചര്യകരമായ കാര്യമെന്തെന്നാല്‍ ഒളിംമ്പിക്‌സ് നൂറു മീറ്റര്‍ ഓട്ട മത്സരത്തില്‍ ലോക ജേതാവായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് 9.58 സെക്കന്‍റാണ്. തന്‍റെ തന്നെ മുന്‍ കാല റെക്കോര്‍ഡ് ഭേദിച്ചു കൊണ്ട് ഗൗഡ വീണ്ടും കമ്പള പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയാണ്.