ചെന്നൈ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കുമെന്ന് നടന്‍ കമല്‍ ഹാസന്‍. കോയമ്പത്തൂരില്‍ നിന്നും തനിക്ക് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ മക്കള്‍ നീതി മയ്യം യോഗത്തിലാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോയെന്നതും യോഗം ചര്‍ച്ച ചെയ്‌തു. 2021 കോയമ്പത്തൂര്‍ സൗത്ത് അസംബ്ലിയില്‍ നിന്നും കമല്‍ ഹാസന്‍ മത്സരിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി വാനതി ശ്രീനിവാസനുമായുള്ള മത്സരത്തില്‍ ഏതാനും വോട്ടുകള്‍ക്ക് കമല്‍ ഹാസന്‍ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലെ മറ്റ് നിയോജക മണ്ഡലങ്ങളില്‍ മക്കള്‍ നീതി മയ്യം ഏതാനും വോട്ടുകള്‍ നേടിയിരുന്നു. 2018ലാണ് കമല്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.
തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ യോഗമാണ് ഇന്ന് കോയമ്പത്തൂരില്‍ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമല്‍ ഹാസന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി രണ്ടിടങ്ങളിലും പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയും ചെയ്‌തിരുന്നു. 40 മണ്ഡലങ്ങളില്‍ മത്സരത്തിന് തയ്യാറാകണമെന്നും കമല്‍ ഹാസന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.