ന്യൂഡല്‍ഹി : പ്രമുഖ തമിഴ് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ നാളെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രാജ്യതലസ്ഥാനത്ത് അണിചേരും. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യാത്രയുടെ ഡല്‍ഹിയിലെ പര്യടനത്തില്‍ പങ്കാളികളാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭാരത് ജോഡോ യാത്ര നാളെ രാജ്യതലസ്ഥാനത്ത് ; കമല്‍ ഹാസന്‍ പങ്കാളിയാകും - Bharat Jodo Yatra delhi face
ഡല്‍ഹിയിലൂടെയുള്ള ഭാരത് ജോഡോ യാത്രയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍
ഭാരത്ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മക്കള്‍ നീതി മയ്യം നേതാക്കളെ അഭിസംബോധന ചെയ്യവെ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോള്‍ നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം വരെ ആളുകള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അനില്‍ ചൗധരി വ്യക്തമാക്കി.
ശനിയാഴ്‌ച രാവിലെ ആറ് മണിക്കാണ് ഹരിയാനയില്‍ നിന്ന് ബദര്‍പൂര്‍ അതിര്‍ത്തിവഴി ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പ്രവേശിക്കുന്നത്. ചെങ്കോട്ടവരെയാണ് ഭാരത് ജോഡോ യാത്രയുടെ ശനിയാഴ്‌ചത്തെ ആദ്യഘട്ടം. അതിന് ശേഷം രാഹുല്‍ ഗാന്ധിയടക്കമുള്ള ഒരു സംഘം രാജ്‌ഘട്ടിലെത്തി രാഷ്‌ട്രപിതാവിന് ആദരം അര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.