ന്യൂഡൽഹി: സിനിമാട്ടോഗ്രഫി (ഭേദഗതി) ബിൽ 2021 സംബന്ധിച്ച ചർച്ചക്കായി ഇൻഫർമേഷൻ ടെക്നോളജി പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസനും ചലച്ചിത്ര മേഖലയിലെ പ്രൊഡ്യൂസേഴ്സ് ആൻഡ് ഡയറക്‌ടേഴ്സ് ഗിൽഡിന്‍റെ പ്രതിനിധികളും പങ്കെടുക്കും. ബില്ലിനെ സംബന്ധിച്ച് സിനിമ മേഖലയിലുള്ളവരുടെ അഭിപ്രായം അറിയാനാണ് കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സ്റ്റാന്‍റിങ് കമ്മിറ്റി യോഗം വിളിച്ചത്.
ബില്ലിലെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയവുമായി ബന്ധപ്പെട്ട സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ(സിബിഎഫ്‌സി) പ്രവർത്തനം അവലോകനം ചെയ്യുക എന്ന വിഷയവുമായി ബന്ധപ്പെട്ട് വ്യക്തികളുടെയും സംഘടനകളുടെയും കാഴ്ചപ്പാടുകൾ മനസിലാക്കുക എന്നതാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
അഭിനേതാക്കളുടെ പ്രതിനിധിയായി കമൽ ഹാസൻ
അഭിനേതാക്കളുടെ പ്രതിനിധി എന്ന നിലയിലാണ് കമൽ ഹാസൻ യോഗത്തിൽ പങ്കെടുക്കുക. ഡയറക്ടർമാരുടെയും നിർമാതാക്കളുടെയും കാഴ്ചപ്പാടുകളും ആശങ്കകളും പ്രതിനിധികളിലൂടെയും രേഖാമൂലവും പാനലിലേക്ക് അയയ്‌ക്കണമെന്ന് പാർലമെന്‍ററി കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. ബില്ലിന്‍റെ വിശദാംശങ്ങൾ യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് മുമ്പാകെ അവതരിപ്പിക്കാൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ പാർലമെന്‍ററി കമ്മിറ്റി വിളിച്ചിട്ടുണ്ട്.