ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉലഗനായകന്‍റെ 'ഇന്ത്യന്‍ 2'വിനായി (Indian 2). പ്രഖ്യാപനം മുതല്‍ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കായും ആരാധകര്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. 'ഇന്ത്യൻ 2'വിന്‍റെ പുതിയ പ്രഖ്യാപനം നാളെ (ഒക്‌ടോബര്‍ 29) രാവിലെ 11 മണിക്ക് പുറത്തു വിടുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം എക്‌സിലൂടെ (ട്വിറ്റര്‍) അറിയിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ അനൗന്‍സ്‌മെന്‍റ് പോസ്‌റ്ററും ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ചിട്ടുണ്ട്. 'കോപ്പി സ്വീകരിച്ചു സേനാപതി' എന്നും പോസ്‌റ്ററില്‍ കുറിച്ചിട്ടുണ്ട്.
Also Read:സേനാപതിയായി കമല്‍ ഹാസന്‍; പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2 ടീം
അടുത്തിടെ സിനിമയുടെ ഡബ്ബിംഗ് ജോലികൾ കമല്‍ ഹാസന്‍ ആരംഭിച്ചതായി 'ഇന്ത്യന്‍ 2' ടീം അറിയിച്ചിരുന്നു. 2018ല്‍ പ്രഖ്യാപിച്ച ഈ സിനിമയുടെ സംവിധാനം ശങ്കര്‍ ആണ്. ശങ്കർ തന്നെ സംവിധാനം ചെയ്‌ത 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗമാണ് 'ഇന്ത്യന്‍ 2'.
ഇതിനോടകം തന്നെ 'ഇന്ത്യന്‍ 2'ന്‍റെ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കമല്‍ ഹാസന്‍റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ നവംബറില്‍ അണിയറപ്രവര്‍ത്തകര്‍ 'ഇന്ത്യന്‍ 2'വിന്‍റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരുന്നു (Indian 2 first look poster).
സേനാപതിയായി ആയാണ് താരം ഫസ്‌റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സംവിധായകന്‍ ശങ്കര്‍ ആണ് ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും സംവിധായകന്‍ പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ നിധി, ബഹുപ്രതിഭ കമല്‍ ഹാസന്‍ സാറിന് ജന്മദിനാശംസകള്‍' -എന്ന് കുറിച്ച് കൊണ്ടാണ് ശങ്കര്‍ 'ഇന്ത്യന്‍ 2'ന്‍റെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Also Read:കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ അപകടം; മൂന്ന് മരണം
2018ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സിനിമ പലകാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങിയിരുന്നു. പിന്നീട് ഈ ഓഗസ്‌റ്റില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. 200 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.
കാജല്‍ അഗര്‍വാള്‍ ആണ് സിനിമയില്‍ നായികയായി എത്തുന്നത്. മുന്‍ ക്രിക്കറ്ററും, നടനും, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ അച്ഛനുമായ യോഗ് രാജ് സിംഗും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സിദ്ധാർത്ഥ്, സമുദ്രക്കനി, ബോബി സിംഹ, രാഹുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തും.
റെഡ് ജയന്‍റ് മൂവീസുമായി സഹകരിച്ചാണ് ലൈക്ക പ്രൊഡക്ഷന്‍സ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് 'ഇന്ത്യന്‍ 2'വിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം. പീറ്റര്‍ ഹെയ്‌ന്‍ ആണ് സിനിമയുടെ ആക്ഷന്‍ ഡയറക്‌ടര്‍.
1996ലാണ് ആദ്യ ഭാഗമായ 'ഇന്ത്യന്‍' റിലീസ് ചെയ്‌തത്. 'ഇന്ത്യനി'ല്‍ ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെട്ടത്. വന്‍ വിജയമായി തീര്‍ന്ന സിനിമയിലെ ഗംഭീര പ്രകടനത്തിന് കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അന്തരിച്ച മലയാളികളുടെ മുതിര്‍ന്ന നടന്‍ നെടുമുടി വേണു, മനീഷ കൊയ്‌രാള, സുകന്യ, കസ്‌തൂരി, ഊര്‍മിള മധോത്‌കര്‍ എന്നിവരായിരുന്നു'ഇന്ത്യനി'ലെ പ്രധാന താരങ്ങള്‍.
Also Read:ഇന്ത്യന്‍ 2വിന്‍റെ സെറ്റിലെ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമല്‍ഹാസന്‍ ധനസഹായം നല്‍കി