ന്യൂഡൽഹി :കാബൂളിൽ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ താമസിക്കുന്ന നൂറിലധികം സിഖുകാർക്കും ഹിന്ദുക്കൾക്കും ഇന്ത്യ ഇ-വിസ നൽകിയതായി കേന്ദ്രം. മുൻഗണന ക്രമത്തിലാണ് ഇവർക്ക് ആഭ്യന്തര മന്ത്രാലയം ഇ-വിസ അനുവദിച്ചത്. കഴിഞ്ഞ ദിവസം കാബൂളിലെ ഗുരുദ്വാരയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിഖ് വിശ്വാസി ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണം ; അഫ്‌ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇ - വിസ അനുവദിച്ച് ഇന്ത്യ - കാബൂൾ ഗുരുദ്വാര ഭീകരാക്രമണം
മുൻഗണന ക്രമത്തിലാണ് നൂറിലധികം വരുന്ന സിഖുകാർക്കും ഹിന്ദുക്കൾക്കും ആഭ്യന്തര മന്ത്രാലയം ഇ-വിസ അനുവദിച്ചത്
ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി ഗുരുദ്വാര തകർക്കാൻ ആയിരുന്നു ശ്രമം. എന്നാൽ സുരക്ഷാസേന ഇത് തടയുകയായിരുന്നു. ഒന്നിലേറെ തവണ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക സമയം രാവിലെ ആറരയോടെ ഭീകരർ ഗുരുദ്വാരയിലേക്ക് ഇരച്ചുകയറി വിശ്വാസികൾക്ക് നേരെ വെടിയുതിർത്തു.
പിന്നാലെ സ്ഥലത്തെത്തിയ താലിബാൻ സേനയും ഐഎസ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. എത്ര ഭീകരർ സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്‌തമല്ല.