തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് അനുമതി അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പദ്ധതിയെ കുറിച്ച് ശാസ്ത്രീയവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് നോട്ടീസില്‍ സുധാകരന്‍ ആരോപിച്ചു.
529.45 കിലോമീറ്റര്‍ റെയില്‍പാത നിര്‍മ്മിക്കുന്നതിനാവശ്യമായ 64,941 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കേരളത്തിന് ബാധ്യതയാകും. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്ന് പ്രളയങ്ങളെ അതിജീവിച്ച കേരളത്തിനു താങ്ങാവുന്നതല്ല. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ റെയില്‍വേ തന്നെ എതിര്‍ത്തിട്ടുണ്ട്.