പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. പട്‌ന വിമാനത്താവളത്തിൽ എത്തിയ കെസിആറിനെ ഭാഗ്യസൂചകമായി കരുതുന്ന ഒരു മുളച്ചെടി സമ്മാനമായി നൽകിയാണ് നിതീഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് ബിഹാറിൽ അഗ്നിബാധയിൽ മരിച്ച 12 പേരുടെയും ഗാൽവാൻ താഴ്‌വരയിൽ മരിച്ച അഞ്ച് സൈനികരുടേയും അടുത്ത ബന്ധുക്കൾക്ക് ചെക്ക് വിതരണം ചെയ്‌തു.
നിതീഷ് കുമാറിന്‍റെ വസതിയിൽ അദ്ദേഹത്തോടൊപ്പമാണ് കെസിആർ ഉച്ചഭക്ഷണം കഴിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പുതിയ മുന്നണി രൂപീകരണമാണ് യോഗത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവരുമായും കെസിആർ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് പുതിയ മുന്നണി രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ.