ചെന്നൈ: 2G അഴിമതി അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്- ഡിഎംകെ നേതൃത്വം മനപ്പൂര്‍വ്വം ശ്രമിച്ചെന്ന ആരോപണവുമായി ഡിഎംകെ ഫയല്‍സ് 3 സീരീസിലെ രണ്ടാം ശബ്‌ദരേഖയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്ത് (K Annamalai Released DMK Files 3).
മുന്‍ മന്ത്രിയും ഡിഎംകെ എംപിയുമായ ടിആര്‍ ബാലുവും തമിഴ്‌നാട് പൊലീസിലെ മുന്‍ ഇന്‍റലിജന്‍സ് മേധാവി ജാഫര്‍ സേട്ടുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്‌ദ രേഖ കഴിഞ്ഞ ദിവസം അണ്ണാമലൈ പുറത്തു വിട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മുന്‍ മന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയും ഇതേ പൊലീസ് ഓഫീസറുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന്‍റെ ശബ്‌ദ രേഖ അണ്ണാമലൈ ഇന്ന് പുറത്തു വിട്ടത്.
ശബ്‌ദ രേഖയുടെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ഡിഎംകെ ഭരിച്ച 2006 -2011 കാലത്തേതാണ് സംഭാഷണം എന്നാണ് അണ്ണാമലൈ അവകാശപ്പെടുന്നത്. 2 G അഴിമതി അന്വേഷണ കാലത്ത് ഡിഎംകെ എങ്ങനെയാണ് സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നതിന് തെളിവാണ് ഈ ശബ്‌ദ രേഖയെന്ന് സാമൂഹ്യമാധ്യമമായ എക്‌സില്‍ അണ്ണാമലൈ വ്യക്തമാക്കി.
"എങ്ങനെയാണ് യുപിഎ സര്‍ക്കാര്‍ 2 G അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടത്തിയതെന്ന് ഇതിലൂടെ മനസിലാവും. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനും നടത്തിയ ശ്രമങ്ങള്‍ സംഭാഷണത്തിലുണ്ട്. ഈ പരമ്പര തുടരും." അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.
പതിനൊന്ന് ഡിഎംകെ നേതാക്കളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡിഎംകെ ഫയല്‍ വണ്ണിന് പിന്നാലെ ഡിഎംകെ ഫയല്‍ 2 ല്‍ വിവിധ വകുപ്പുകളിലായി ഡിഎംകെ സര്‍ക്കാര്‍ നടത്തിയ 5600 കോടി രൂപയുടെ അഴിമതി തുറന്നു കാട്ടുന്ന വീഡിയോ ഉള്‍പ്പെടെയാണ് അണ്ണാമലൈ ആരോപണം ഉന്നയിച്ചിരുന്നത്.
അഴിമതി ആരോപണങ്ങളുടെ വിശദമായ വീഡിയോ എക്‌സിലൂടെ തന്നെയായിരുന്നു അണ്ണാമലൈ പങ്കുവെച്ചിട്ടുണ്ട്. മൂന്ന് കമ്പനികളുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയാണ് വീഡിയോയില്‍ വിവരിക്കുന്നത്. 2006- 2011 കാലത്തെ ഡിഎംകെ സര്‍ക്കാര്‍ നടത്തിയ അഴിമതികളില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പങ്കിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എല്‍ഡിഎല്‍ ഇന്‍ഫ്രാ സ്ട്രക്‌ചര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി വഴി 3000 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.
ALSO READ:സാമുദായിക സ്‌പർദ്ധ; തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈയ്‌ക്കെതിരെ കേസ്