ന്യൂഡല്‍ഹി :സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാജ്യത്തെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യുയു ലളിത്. രാഷ്‌ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കാടുത്തു.
2022 നവംബർ എട്ട് വരെയാണ് ജസ്‌റ്റിസ് യു.യു ലളിത് ചീഫ് ജസ്‌റ്റിസ് പദവിയിലുണ്ടാവുക. ചീഫ് ജസ്‌റ്റിസായിരുന്ന എന്‍വി രമണയുടെ പിന്‍ഗാമിയായിട്ടാണ് യുയു ലളിതിന്‍റെ നിയമനം. ജസ്റ്റിസ് എസ്എം സിക്രിക്ക് ശേഷം ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ബഞ്ചിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യുയു ലളിത്.
Read more: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത്
1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്‌ത യുയു ലളിത് 1985 ഡിസംബർ വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്‌തു. 1986 ജനുവരിയിൽ ഡൽഹിയിലേക്ക് പ്രാക്‌ടീസ് മാറ്റി. 2004 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിക്കപ്പെട്ടു.
സുപ്രധാനമായ ഒട്ടനവധി വിധികൾ ജസ്റ്റിസ് ലളിത് ഉൾപ്പെട്ട ബഞ്ച് വിധിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റിൽ മുത്തലാഖ് നിയമവിരുദ്ധമാണെന്ന വിധി ജസ്റ്റിസ് ലളിത് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന സുപ്രധാന വിധിയും യുയു ലളിത് ഉൾപ്പെട്ട ബഞ്ചില്‍ നിന്നായിരുന്നു.