ന്യൂഡല്‍ഹി:ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻവി രമണയുടെ പിൻഗാമിയായാണ് യു.യു ലളിത് ചുമതലയേൽക്കുന്നത്. ഓഗസ്റ്റ് 27ന് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.
ജസ്റ്റിസ് എസ്എം സിക്രിക്ക് പിന്നാലെ ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ബെഞ്ചിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യുയു ലളിത്.
1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് അദ്ദേഹം 1985 ഡിസംബർ വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തതു. 1986 ജനുവരിയിൽ അദ്ദേഹം പ്രാക്‌ടീസ് ഡൽഹിയിലേക്ക് മാറ്റി. 2004 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിക്കപ്പെട്ടു.
മുത്തലാഖ് ഉൾപ്പെടെ സുപ്രധാന വിധികൾ: സുപ്രധാനമായ ഒട്ടനവധി വിധികൾ ജസ്റ്റിസ് ലളിത് ഉൾപ്പെട്ട ബെഞ്ച് വിധിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റിൽ മുത്തലാഖ് നിയമവിരുദ്ധമാണെന്ന വിധി ജസ്റ്റിസ് ലളിത് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു . ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിനാണെന്ന സുപ്രധാന വിധിയും യുയു ലളിത് ഉൾപ്പെട്ട ബെഞ്ചിന്‍റേതായിരുന്നു.
കുട്ടികളുടെ ശരീരത്തിലെ ലൈംഗിക ഭാഗങ്ങളിൽ സ്‌പർശിക്കുന്നതോ ലൈംഗിക ഉദ്ദേശത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതോ ആയ ഏതൊരു പ്രവൃത്തിയും കുട്ടികളെ സംരക്ഷിക്കുന്ന സെക്ഷൻ 7 പ്രകാരം ലൈംഗികാതിക്രമത്തിന് തുല്യമാണെന്ന വിധിയും ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു.