ന്യൂഡൽഹി :ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിത കമ്മിഷൻ. മലയാള സിനിമ മേഖലയിലെ വനിത പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും പൊതുജനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഐ.എ.എസിന് അയച്ച കത്തിൽ വനിത കമ്മിഷൻ ചെയർപേഴ്‌സൺ രേഖ ശർമ ആവശ്യപ്പെടുന്നു.
2017ല്‍ നടിയെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റി ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തുതന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഇതുവരെയും റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ദേശീയ വനിത കമ്മിഷൻ ഡബ്ല്യുസിസി അംഗങ്ങളെ സമീപിക്കും. തുടർന്ന് വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്താനും കമ്മിഷൻ ആലോചിക്കുന്നുണ്ട്.