ന്യൂഡൽഹി: രാജ്യത്തിന്‍റെ 50ാമത് ചീഫ് ജസ്‌റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ ചെയ്‌ത് ചീഫ് ജസ്‌റ്റിസ് യുയു ലളിത്. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. 2022 നവംബർ എട്ടിനാണ് ചീഫ് ജസ്‌റ്റിസ് യു.യു ലളിത് വിരമിക്കുന്നത്.
രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിന്‍റെ തലവനായി ജസ്‌റ്റിസ് ചന്ദ്രചൂഡ് നവംബർ ഒൻപതിന് അധികാരമേൽക്കും. ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക.
പ്രോട്ടോക്കോൾ അനുസരിച്ച്, നിലവിലെ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് തന്‍റെ പിൻഗാമിയെ ശുപാർശ ചെയ്‌തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ഔപചാരികമായി കത്ത് അയയ്ക്കേണ്ടതുണ്ട്. കത്ത് നിയമമന്ത്രാലയം പരിഗണിക്കും. നിയുക്ത ചീഫ് ജസ്‌റ്റിസിന് ശുപാർശയുടെ പകർപ്പ് സുപ്രീം കോടതിയിലെ ജഡ്‌ജസ് ലോഞ്ചിൽ ജഡ്‌ജിമാരുടെ സാന്നിധ്യത്തിൽ ചീഫ് ജസ്‌റ്റിസ് യു.യു ലളിത് കൈമാറി.