ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 50-ാം ചീഫ്‌ജസ്‌റ്റിസായി ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. 2024 നവംബര്‍ 11 വരെ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
സുപ്രീംകോടതിയുടെ 16-ാമത് ചീഫ്‌ജസ്‌റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിന്‍റെ മകനാണ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2022 ഒക്‌ടോബര്‍ 11ന് കണ്‍വെന്‍ഷന്‍ പ്രകാരം ജസ്റ്റിസ് യു യു ലളിതാണ് അടുത്ത ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡിന്‍റെ പേര് നിര്‍ദേശിച്ചത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും അമേരിക്കയിലെ ഹാര്‍വഡ് ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഡി വൈ ചന്ദ്രചൂഡ് 1998ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലെത്തി. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈക്കേടതി അഡിഷണല്‍ ജഡ്‌ജിയായി ചുമതലയേറ്റു.
2013ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റ അദ്ദേഹം 2016ല്‍ സുപ്രീംകോടതി ജഡ്‌ജിയായി. ശബരിമല സ്‌ത്രീ പ്രവേശം, അയോധ്യ കേസ്, സ്വകാര്യതയ്‌ക്കുള്ള അവകാശം, ആധാറിന്‍റെ സാധുത തുടങ്ങിയ നിര്‍ണായക കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചിന്‍റെ ഭാഗമായിരുന്നു ഡി വൈ ചന്ദ്രചൂഡ്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദു ചെയ്‌തതും ഡി വൈ ചന്ദ്രചൂഡിന്‍റെ നിയമ ജീവിതത്തിലെ നാഴിക കല്ലാണ്.