ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ദിപങ്കർ ദത്തയെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുന്‍ ചീഫ് ജസ്‌റ്റിസായിരുന്ന യു.യു ലളിതിന്‍റെ നേതൃത്വത്തില്‍ സെപ്‌റ്റംബർ 26 ന് പാസാക്കിയ പ്രമേയത്തിൽ ജസ്‌റ്റിസ് ദിപങ്കർ ദത്തയ്ക്ക് സ്ഥാനക്കയറ്റം നൽകാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേന്ദ്ര സർക്കാറിന്‍റെ വിജ്ഞാപനം.
ബോംബെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ദിപങ്കർ ദത്ത ഇനി സുപ്രീം കോടതി ജഡ്ജി; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ
കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്‌ജിയും നിലവില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമായ ദിപങ്കർ ദത്തയെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി
ജസ്‌റ്റിസ് ദിപങ്കർ ദത്തയെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ച വിജ്ഞാപനത്തിന് പിന്നാലെ അദ്ദേഹത്തിന് ആശംസകളുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ രിജിജു രംഗത്തെത്തി. "ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള അധികാരം വിനിയോഗിച്ച് ജസ്‌റ്റിസ് ദിപങ്കർ ദത്തയെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചു. അദ്ദേഹത്തിന് എന്‍റെ ആശംസകൾ" എന്നായിരുന്നു നിയമമന്ത്രിയുടെ ട്വീറ്റ്. മാത്രമല്ല ജസ്‌റ്റിസ് ദത്ത സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 28 ആയി ഉയരും. അതേസമയം ചീഫ് ജസ്‌റ്റിസ് ഉള്‍പ്പടെ സുപ്രീം കോടതിയുടെ അംഗീകൃത അംഗസംഖ്യ 34 ആണ്.
1965 ഫെബ്രുവരി ഒമ്പതിന് ജനിച്ച ജസ്‌റ്റിസ് ദിപങ്കര്‍ ദത്തയ്ക്ക് നിലവില്‍ 57 വയസ് തികഞ്ഞു. സുപ്രീം കോടതിയില്‍ വിരമിക്കൽ പ്രായം 65 വയസാണെന്നിരിക്കെ 2030 ഫെബ്രുവരി എട്ട് വരെയാകും അദ്ദേഹത്തിന്‍റെ കാലാവധി. കല്‍ക്കട്ട സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള ഹസ്ര ലോ കോളജില്‍ നിന്ന് 1989 നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്‌ജിയായി സേവനമനുഷ്‌ടിച്ചിരുന്നു. സുപ്രീം കോടതിയില്‍ മുന്‍ ജസ്‌റ്റിസായിരുന്ന ജസ്‌റ്റിസ് അമിതവ് റോയ് അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരനാണ്.