ലഖ്‌നൗ: കൊല്ലപ്പെട്ട ഗുണ്ടാതലവൻ വികാസ് ദുബെയുടെ ജീവിതത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകൾ അംഗീകരിച്ച് ജുഡീഷ്യൽ കമ്മിഷൻ.
ആയുധ ലൈസൻസുകളും ന്യായവില ഷോപ്പ് പെർമിറ്റുകളും നേടുന്നതിൽ ജില്ല ഭരണകൂടത്തിലെയും റവന്യു വകുപ്പിലെയും 26 ഉദ്യോഗസ്ഥർ ദുബെയെയും കൂട്ടാളികളെയും സഹായിച്ചതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. 2020 ജൂലൈ 3ന് കൊലപാതക കേസിൽ ദുബെയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ബിക്രു ഗ്രാമത്തിൽ എത്തിയപ്പോൾ ദുബെ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നു.
2020 ജൂലൈ 10നാണ് വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. ദുബെയും അഞ്ച് കൂട്ടാളികളും കൊല്ലപ്പെടാൻ ഇടയായ ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ബി.എസ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഗുണ്ടാസംഘത്തിന്‍റെ ഉയർച്ചക്കും വീഴ്ചക്കും കാരണമായ സാഹചര്യങ്ങളും അന്വേഷണ കമ്മീഷൻ അന്വേഷിച്ചു.
റവന്യു ഉദ്യോഗസ്ഥർ ദുബെയെ സഹായിച്ചു
ദുബെ വധത്തിന് പിന്നാലെ ഏറ്റുമുട്ടൽ അന്വേഷിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് ഭൂസ്‌റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സംസ്ഥാന സർക്കാർ രൂപം നൽകിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ആറ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഒരു അഡിഷണൽ സിറ്റി മജിസ്ട്രേറ്റ്, ഏഴ് ബ്ലോക്ക് വികസന ഓഫിസർ, രണ്ട് തഹസിൽദാർമാർ, രണ്ട് സബ് തഹസിൽദാർമാർ, ഒരു റവന്യു ഉദ്യോഗസ്ഥൻ, രണ്ട് സപ്ലൈ ഉദ്യോഗസ്ഥർമാർ, രണ്ട് ഗ്രാമവികസന ഉദ്യോഗസ്ഥർസർ, മൂന്ന് ക്ലർക്കുമാർ എന്നിവർ ഗുണ്ടാസംഘത്തിന് സഹായം ചെയ്തുവെന്ന് പറയുന്നു.