രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് (Jude Anthany Joseph). ഇതിന്‍റെ ചിത്രങ്ങള്‍ ജൂഡ് ആന്തണി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു (Jude Anthany Joseph Met With Rajinikanth). 'പോസ്‌റ്റ് ചെയ്യുന്നതിന്‍റെ ആവേശം നിര്‍ത്താന്‍ കഴിയില്ല. കൂടുതല്‍ ചിത്രങ്ങള്‍ ഉടന്‍'- രജനികാന്തിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചുകൊണ്ട് ജൂഡ് ഫേസ്‌ബുക്കില്‍ കുറിച്ചു (Jude Anthany Joseph Facebook Post). പിന്നാലെ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തുന്നതിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ജൂഡ് ഫേസ്‌ബുക്കില്‍ പോസ്റ്റുചെയ്‌തു.
'തലൈവര്‍ പറഞ്ഞു, എന്തൊരു സിനിമയാണത് ജൂഡ്, നിങ്ങള്‍ എങ്ങനെ ഇത് ചിത്രീകരിച്ചു? അത്ഭുതകരമാണത്. ഓസ്‌കര്‍ യാത്രയുടെ ഭാഗമായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടി. അപ്പോള്‍ തലൈവര്‍ പറഞ്ഞു, പോയി ഓസ്‌കര്‍ കൊണ്ട് വാ, എന്‍റെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും നിങ്ങളോടൊപ്പം ഉണ്ട്. ഈ അവിസ്‌മരണീയ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് പ്രിയ സുഹൃത്ത് സൗന്ദര്യയ്‌ക്കും നന്ദി' - ജൂഡ് കുറിച്ചു.
പോസ്‌റ്റിന് പിന്നാലെ രജനികാന്തിനെയും ജൂഡിനെയും അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് സെക്ഷനില്‍ എത്തി. 'തലൈവർ 170ന് വേണ്ടി കാത്തിരിക്കുന്നു' - ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തു. 'തലൈവര്‍ കേരളത്തില്‍'- മറ്റൊരാള്‍ കുറിച്ചു.
'തലൈവര്‍ 170' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്‌ച. ജൂഡിനൊപ്പം 2018 സിനിമയുടെ നിര്‍മാതാക്കളായ വേണു കുന്നപ്പള്ളി, ആന്‍റോ ജോസഫ് എന്നിവരും രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു.