ഹൈദരാബാദ്: 95-ാമത് ഓസ്‌കർ അവാർഡ് ചരിത്രത്തിൽ ഇന്ത്യൻ സംഗീതത്തെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ച ഗാനമാണ് ആർആർആർ ചിത്രത്തിലെ 'നാട്ടു നാട്ടു'. ഓസ്‌കറിന് പുറമെ നിരവധി അവാർഡുകൾ നേടിയ ഒരു ഗാനം കൂടിയാണ് നാട്ടു നാട്ടു. ഇന്ന് നടന്ന അവാർഡ് പ്രഖ്യാപനത്തിന് ശേഷം ആർആർആർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച രാം ചരൺ, ജൂനിയർ എൻടിആർ എന്നീ താരങ്ങൾ സിനിമയേയും ഗാനത്തെയും ഹിറ്റാക്കി മാറ്റിയ ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ട് വിജയത്തോട് പ്രതികരിച്ചിരുന്നു.
Jr NTR response to Oscar award winning: 'എന്‍റെ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ കണ്ടെത്താൻ സാധിക്കുന്നില്ല. ഈ വിജയം ആർആർആർ ചിത്രത്തിന്‍റെ മാത്രമല്ല. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വിജയമാണ്. ഇത് ഒരു തുടക്കം മാത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ സിനിമയ്‌ക്ക് എത്രമാത്രം മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ഈ വിജയം കാണിക്കുന്നത്.
എം എം കീരവാണിയ്‌ക്കും ചന്ദ്രബോസിനും അഭിന്ദനങ്ങൾ. രാജമൗലി എന്ന മാസ്‌റ്റർ കഥാകാരനും ഇത്രയും അധികം സ്‌നേഹവും പ്രോത്സാഹനവും പകർന്ന പ്രേക്ഷകരും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഇന്ത്യയിലേക്ക് മറ്റൊരു ഓസ്‌കർ കൂടി കൊണ്ടുവന്ന 'എലിഫന്‍റ് വിസ്‌പറേഴ്‌സ്' ടീമിനും ആശംസകൾ'.
ചിത്രത്തിലെ അണിയറ പ്രവർത്തകരെ ടാഗ് ചെയ്‌തുകൊണ്ടാണ് ജൂനിയർ എൻടിആർ പോസ്‌റ്റ് പങ്കുവച്ചത്. അതേസമയം സന്തോഷത്തിന്‍റെ എല്ലാ അതിരുകളും തൊട്ട ഒരു കുറിപ്പാണ് ചിത്രത്തിലെയും ഗാനത്തിലെയും മറ്റൊരു കേന്ദ്ര കഥാപാത്രമായ രാം ചരൺ പങ്കിട്ടത്. 'ഞങ്ങൾ വിജയിച്ചു, ഇന്ത്യൻ സിനിമ വിജയിച്ചു, ഒരു രാജ്യമെന്ന നിലയിൽ ഞങ്ങൾ വിജയിച്ചു, ഓസ്‌കർ പുരസ്‌കാരം നമ്മുടെ കുടുംബത്തിലേക്ക് വരുന്നു', രാം ചരൺ ട്വിറ്ററിൽ എഴുതി.