ഹൈദരാബാദ്: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മിതാലിരാജുമായി കൂടിക്കാഴ്‌ച നടത്തി. ഷംഷാബാദിലെ നോവാടെൽ ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കായികരംഗത്ത് നൽകുന്ന പിന്തുണയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു. ജെപി നദ്ദ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്.
മുൻ ഇന്ത്യൻ താരം മിതാലി രാജുമായി കൂടിക്കാഴ്‌ച നടത്തി ജെപി നദ്ദ - നോവാടെൽ ഹോട്ടൽ
ഷംഷാബാദിലെ നോവാടെൽ ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്
'മുൻ ക്രിക്കറ്റ് താരം മിതാലി രാജുമായി മികച്ച ആശയവിനിമയം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനത്തെ അവർ അഭിനന്ദിച്ചു. കായിക താരങ്ങൾക്ക് ബഹുമാനപ്പെട്ട മോദി ജി നൽകിയ പിന്തുണയെയും മാർഗനിർദേശത്തെയും അവർ പ്രശംസിച്ചു', മിതാലി രാജുമായുള്ള ചിത്രത്തോടൊപ്പം ജെപി നദ്ദ ട്വിറ്ററിൽ കുറിച്ചു.
കൂടിക്കാഴ്‌ചയിൽ ജെപി നദ്ദ മിതാലിരാജിനെ ഷാൾ അണിയിച്ച് ആദരിച്ചു. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി, എംപി ലക്ഷ്‌മൺ, ബിജെപി സംസ്ഥാന കാര്യ ചുമതലയുള്ള തരുൺ ചുഗ് എന്നിവരും നദ്ദയോടൊപ്പമുണ്ടായിരുന്നു.