ഹൈദരാബാദ് : ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ റാമോജി റാവുവുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ (വെള്ളിയാഴ്‌ച) റാമോജി ഫിലിം സിറ്റിയിലാണ് (Ramoji Rao Film City) കൂടിക്കാഴ്‌ച നടന്നത് (JP Nadda Meets Ramoji Rao at RFC Hyderabad). റാമോജി റാവു ദീർഘവീക്ഷണമുള്ള വ്യക്തിയാണെന്നും മാധ്യമ, സിനിമ മേഖലകളിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ പ്രചോദനകരമാണെന്നും കൂടിക്കാഴ്‌ചയ്‌ക്കുശേഷം നദ്ദ എക്‌സിൽ കുറിച്ചു. റാമോജി റാവുവിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും കൂടിക്കാഴ്‌ചയിൽ ബിജെപി അധ്യക്ഷനൊപ്പം പങ്കെടുത്തു.
തെലങ്കാനയിൽ ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പരിപാടികളിൽ പങ്കെടുക്കാനാണ് നേതാക്കള്‍ വെള്ളിയാഴ്ച ഹൈദരാബാദിലെത്തിയത്. ഇക്കുറി തെലങ്കാനയിൽ ഭരണം പിടിക്കാൻ ശക്തമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കാനാണ് ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഇതിനോടകം തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി.
Also Read: Ramoji Film City | ടൂറിസം മികവിനുള്ള എഫ്‌ടിസിസിഐ പുരസ്‌കാരം റാമോജി ഫിലിം സിറ്റിക്ക്; ഏറ്റുവാങ്ങി എംഡി സിഎച്ച് വിജയേശ്വരി
വെള്ളിയാഴ്‌ച ഘട്കേശറിലെ വിബിഐടി എഞ്ചിനീയറിംഗ് കോളജിൽ നടന്ന ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യാതിഥിയായി ജെപി നദ്ദ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് ദേശീയ അധ്യക്ഷൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്‍റെ ഒമ്പത് വർഷത്തെ ഭരണത്തിൽ കൈവരിച്ച പുരോഗതി പാർട്ടി നേതാക്കൾ പ്രചാരണ വിഷയമാക്കണമെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.
തെലങ്കാനയിലെ ബിആർഎസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച നദ്ദ പത്താം ക്ലാസ്, പിഎസ്‌സി ചോദ്യപേപ്പര്‍ ചോർച്ചയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ബിആർഎസ് ഭരണം എല്ലാ മേഖലയിലും പരാജയമാണെന്ന് നദ്ദ പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയിൽ 30 ലക്ഷം യുവാക്കളുടെ ആഗ്രഹം തകർന്നതിൽ നദ്ദ ആശങ്ക പ്രകടിപ്പിച്ചു. ഈ യുവാക്കൾ ബിആർഎസ് സർക്കാരിൽ നിന്ന് മുക്തി ആഗ്രഹിക്കുന്നു.
Also Read: 'ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതിഥ്യ സ്ഥാപനം' റാമോജി ഫിലിം സിറ്റിക്ക് സിഹാറ പുരസ്കാരം
എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളുമായി ഏറ്റുമുട്ടുന്ന രാജ്യത്തെ ഏക ദേശീയ പാർട്ടി ബിജെപിയാണെന്നും നദ്ദ വ്യക്തമാക്കി. കോൺഗ്രസ് പ്രാദേശിക താല്‍പര്യങ്ങളും വികസനവും അവഗണിച്ചതാണ് ഇത്തരം പാർട്ടികളുടെ ഉദയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കോൺഫറൻസ്, പിഡിപി, ആർജെഡി, ജെഎംഎം, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി, ശിവസേന, ബിആർഎസ്, വൈഎസ്ആര്‍സിപി തുടങ്ങിയ പ്രാദേശിക പാർട്ടികളെല്ലാം കുടുംബ പാർട്ടികളായി മാറി. തെലങ്കാനയുടെ വികസനത്തിനായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രം 9 ലക്ഷം കോടി ചെലവഴിച്ചതായും നദ്ദ വിശദീകരിച്ചു.