ഗയ (ബിഹാര്‍) : ട്രെയിനിന്‍റെ എഞ്ചിനടിയില്‍ കയറി യാത്ര ചെയ്‌ത് യുവാവ്. ബിഹാറിലെ രാജ്‌ഗിറില്‍ നിന്ന് ഗയയിലേക്ക് പുറപ്പെട്ട ബുദ്ധ പൂര്‍ണിമ എക്‌സ്പ്രസിലാണ് സംഭവം. 190 കിലോ മീറ്റര്‍ ദൂരമാണ് യുവാവ് എഞ്ചിനടിയില്‍ യാത്ര ചെയ്‌തത്.
ട്രെയിന്‍ എഞ്ചിനടിയിലൊരു യാത്ര; യുവാവ് സഞ്ചരിച്ചത് 190 കിലോ മീറ്റര്‍ രാജ്‌ഗിറിൽ നിന്ന് പട്‌ന വഴി തിങ്കളാഴ്‌ച (06.06.22) പുലർച്ചെ നാല് മണിയോടെയാണ് ബുദ്ധ പൂർണിമ എക്‌സ്പ്രസ് ഗയയിലെത്തിയത്. എഞ്ചിനടിയില്‍ നിന്ന് യുവാവ് വെള്ളം ചോദിക്കുന്ന ശബ്‌ദം കേട്ട് പ്ലാറ്റ് ഫോമില്‍ ഇറങ്ങി പരിശോധിച്ച ലോക്കോ പൈലറ്റാണ് എഞ്ചിനടിയില്‍ ഇരിക്കുന്ന യുവാവിനെ ആദ്യം കണ്ടത്. ട്രെയിനിന്‍റെ സെന്‍ട്രല്‍ മോട്ടോറിന് സമീപത്തായാണ് ഇയാള്‍ ഇരുന്നിരുന്നതെന്ന് ലോക്കോ പൈലറ്റ് എസ്. ചൗധരി വ്യക്തമാക്കി.
ട്രെയിന്‍ എഞ്ചിനടിയില്‍ യുവാവിനെ കണ്ടെത്തിയ ശേഷം ചൗധരിയാണ് വിവരം അധികൃതരെയും, ആര്‍പിഎഫ് ഉദ്യോോഗസ്ഥരെയും അറിയിച്ചത്. റെയില്‍വേ യാത്രക്കാരുടെയും ആര്‍പിഎഫിന്‍റയും സഹായത്തോടെയാണ് യുവാവിനെ എഞ്ചിനടിയില്‍ നിന്നും പുറത്തെടുത്തത്. അതിനിടെ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും വെട്ടിച്ച് കടന്ന് കളഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
രാജ്‌ഗിറില്‍ നിന്ന് ഗയയിലേക്കുള്ള യാത്രയില്‍ ആറ് സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിർത്തുന്നത്. രണ്ട് മുതല്‍ പത്ത് സെക്കൻഡ് സമയം വരെയാണ് ഓരോ സ്റ്റോപ്പുകളിലും ട്രെയിന്‍ നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ രാജ്‌ഗിറിലെ യാര്‍ഡില്‍ നിന്നാകാം യുവാവ് എഞ്ചിനടിയില്‍ കയറിയിട്ടുണ്ടാവുക എന്നാണ് റെയില്‍വേ ജീവനക്കാര്‍ പറയുന്നത്.
ട്രെയിനില്‍ എ പി-7 മോഡല്‍ എബിബി എഞ്ചിനാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരാൾക്ക് അതിനടിയിൽ പോകാനും അവിടെ ഇരിക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് റെയില്‍വേ വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടു.