അരാരിയ: ബിഹാറില്‍ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു. വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയിലെ റാണിഗഞ്ച് ബ്ലോക്കില്‍ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബിഹാറിലെ ദിനപത്രത്തിൽ ബ്ലോക്ക് റിപ്പോർട്ടറായിരുന്നു വിമൽ കുമാർ യാദവ്. നാലംഗ സംഘം ഇന്ന് പുലർച്ചെ വിമൽ കുമാർ യാദവിന്‍റെ വീടിന്‍റെ വാതിലിൽ മുട്ടിയെന്നും വിമൽ യാദവ് വാതിൽ തുറന്നയുടൻ മുന്നിൽ നിന്ന് വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ടുവെന്നും നാട്ടുകാർ അറിയിച്ചതായാണ് പൊലീസ് പറയുന്നത്. വെടിയേറ്റയുടൻ ബന്ധുക്കൾ വിമലിനെ റാണിഗഞ്ച് റഫറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവം നടന്നയുടൻ നാട്ടുകാർ ലോക്കൽ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടർന്ന് എസ്‌പിയും സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണ്, കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. വിവരമറിഞ്ഞ് അരാരിയ എംപി പ്രദീപ് കുമാർ സിംഗും സ്ഥലത്തെത്തി. ബിഹാറിൽ കുറ്റവാളികളുടെ മനോവീര്യം വളരെയധികം വർധിച്ചിട്ടുണ്ടെന്നും സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ മന്ത്രിയെ വെടിവച്ച് കൊലപ്പെടുത്തി : കഴിഞ്ഞ ജനുവരിയിലാണ് ഒഡിഷയിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വെടിയേറ്റ് മരിച്ചത്. മന്ത്രി നബ കിഷോർ ദാസ് ആണ് കൊല്ലപ്പെട്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനുമുള്ള പുതിയ ഓഫിസ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ ഗോപാല്‍ ദാസാണ് മന്ത്രിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ജർസുഗുഡ ജില്ലയിലെ ബ്രജ്‌രാജനഗറിൽ വച്ചാണ് മന്ത്രിക്ക് വെടിയേറ്റത്.
വഴിയില്‍ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങാനായി കാറില്‍ നിന്ന് ഇറങ്ങവേ തൊട്ടടുത്ത് നിന്ന പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. മന്ത്രിയുടെ തൊട്ടരികില്‍ നിന്ന് നെഞ്ചിലേക്ക് വെടിയുതിർത്തു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.