ചെന്നൈ: നിര്‍മാണത്തിലിരിക്കുന്ന ഡ്രെയിനേജില്‍ വീണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഒരു സ്വകാര്യ വാര്‍ത്ത ചാനലില്‍ ജോലി ചെയ്യുകയായിരുന്ന മുത്തുകൃഷ്‌ണന്‍ (25) ആണ് മരിച്ചത്. ശനിയാഴ്‌ച (ഒക്‌ടോബര്‍ 22) രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ അബദ്ധത്തില്‍ ഡ്രെയിനേജില്‍ വീഴുകയായിരുന്നു.
മഴ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ഡ്രെയിനേജിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിരുന്നില്ല. ഡ്രെയിനേജ് നിര്‍മാണത്തിനായി എടുത്ത കുഴി മറികടക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി അതില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍, മുത്തുകൃഷ്‌ണനെ ഉടന്‍ വിഎച്ച് ആശുപത്രിയില്‍ എത്തിച്ചു.
പ്രഥമ ശുശ്രൂഷ നല്‍കി അവിടെ നിന്ന് റായപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് (ഒക്‌ടോബര്‍ 24) ഉച്ചയോടെയാണ് മുത്തുകൃഷ്‌ണന്‍ മരിച്ചത്. മുത്തുകൃഷ്‌ണന്‍റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുകയും ചെയ്‌തു.
ചെന്നൈയിൽ ഇത്തരത്തിൽ പലയിടത്തും മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള ഡ്രെയിനേജിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രധാന റോഡുകളില്‍ എല്ലാം കുഴിയാണെന്നും മുത്തുകൃഷ്‌ണന്‍റെ മരണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ ട്വീറ്റ് ചെയ്‌തു. എംഡിഎംകെ നേതാവ് വൈകോ മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും ഡ്രെയിനേജ് നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.