ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ വിചിത്രമായ ഭൗമപ്രതിഭാസം മൂലം ഭൂമിയിലുണ്ടാകുന്ന വിള്ളൽ ജനങ്ങളെ ആശങ്കയിലാക്കുന്നു. ചമോലി ജില്ലയിൽ ജോഷ്‌മഠ് നഗരത്തിലാണ് അപൂർവ പ്രതിഭാസം ജനങ്ങളെ ദുരിതത്തിലാക്കിയത്. വിള്ളൽ ഉണ്ടാകുന്നതും മണ്ണിടിഞ്ഞ് താഴുന്നതും മൂലം 500ൽ അധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിതാമസിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു.
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഇന്ന് ജോഷിമഠിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ജോഷ്‌മഠിലെ ഒൻപത് വാർഡുകളിലാണ് അപൂർവ പ്രതിഭാസം കാണപ്പെട്ടത്. പ്രതിസന്ധി കണക്കിലെടുത്ത് ജോഷ്‌മഠിൽ അപകടം രൂക്ഷമായ പ്രദേശത്തുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ സർക്കാർ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്
തുടരുന്ന ആശങ്ക: ജോഷ്‌മഠിലെ സുനിൽ, മനോഹർ ബാഗ്, ഗാന്ധി എന്നീ വാർഡുകളിലാണ് അപകടം ഏറ്റവും രൂക്ഷം. ഇവിടെ പല വീടുകളും ഭിത്തിയിൽ വലിയ വിള്ളലുകൾ വീണ് തകർച്ചയുടെ വക്കിലാണ്. ഇതോടൊപ്പം മാർവാരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ജെയ്‌പീ റസിഡൻഷ്യൽ കോളനിയിലും സമാന സാഹചര്യം തുടരുകയാണ്. വിള്ളലുകളിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന സംഭവവും പലയിടത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ജോഷ്‌മഠിൽ സെക്‌ടർ, സോണൽ പ്ലാനുകൾ തയ്യാറാക്കാനും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അപകടമേഖലകളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വീടുകൾ തോറുമുള്ള സര്‍വേയ്ക്കായി വിദഗ്‌ധരുടെയും ശാസ്‌ത്രജ്ഞരുടെയും ഒരു സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്. മൂവായിരത്തിലധികം ആളുകളെ ദുരിതം ബാധിച്ചതായി മുനിസിപ്പാലിറ്റി മേധാവി അറിയിച്ചിട്ടുണ്ട്.