ബെംഗളൂരു: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഭീഷണിയാകുമ്പോൾ മരണ നിരക്കും വർധിച്ചു. ജനങ്ങൾക്കിടയില്‍ ഇതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയാൽ ചികിത്സക്കായി ആശുപത്രികളെ സമീപിക്കുന്ന ആളുകളുടെ എണ്ണവും വർധിച്ചു. എന്നാല്‍ കര്‍ണാടകയിലെ മൈസൂരുവില്‍ ഒരു കൂട്ടു കുടുംബം കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ച് അനേകം പേർക്ക് പ്രചോദനമായി മാറിക്കഴിഞ്ഞു.
കൊവിഡിനെ "പോസിറ്റീവായി" നേരിട്ടു, കൊവിഡ് മുക്തരായി ഈ കൂട്ടുകുടുംബം 17 അംഗങ്ങളുള്ള ഈ കൂട്ടു കുടുംബത്തിലെ എല്ലാം അംഗങ്ങളും കൊവിഡ് ബാധിതരായി. ആദ്യ ഘട്ടത്തിൽ തെല്ലൊന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുമുള്ള സമീപനം ഇവരെ വേഗത്തിൽ രോഗത്തിൽ നിന്ന് മുക്തി നേടുവാൻ സഹായിച്ചു. ഏപ്രില്‍ 24നാണ് ബഡഗാലപ്പുരയിലെ റായിത്ത സംഘത്തിന്‍റെ പ്രസിഡന്‍റായ നാഗേന്ദ്രയുടെ സഹോദരന്‍ ലിംഗെ ഗൗഡക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഉടൻ തന്നെ അവർ ബഡഗാലപ്പുര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ അലീം പാഷയെ വിവരം അറിയിച്ചു. രോഗബാധിതർ ഓരോ റൂമുകളിൽ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡോക്‌ടർ നിർദേശിച്ചു. പ്രത്യേകം റൂമുകളിലായി പാത്രങ്ങൾ അടക്കമുള്ളവ പരസ്‌പരം പങ്കുവെക്കാതെ രോഗത്തെ മറികടക്കുന്നതുവരെ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
കൃത്യ സമയത്ത് ആരോഗ്യ പ്രവർത്തകർ ഇടപെടൽ നടത്തുകയും ആവശ്യമായ നിർദേശങ്ങളും മരുന്നുകളും കുടുംബാംഗങ്ങൾക്ക് എത്തിക്കുകയും ചെയ്തിരുന്നു. ആത്മവിശ്വാസവും ശുഭാപ്‌തി വിശ്വസവും കൈവിടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചാല്‍ കൊവിഡിൽ നിന്ന് മുക്തി നേടാനാകും എന്ന് ഈ കുടുംബം തെളിയിക്കുന്നു. കൊവിഡ് പരിശോധനാഫലം പോസിറ്റീവായാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും മനസിനെ പോസിറ്റീവ് ആയി വെക്കുകയാണ് വേണ്ടതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.