ഗുണ (മധ്യപ്രദേശ്) : ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണിപ്രസംഗം വിവാദത്തില്‍. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു ബിജെപി നേതാവും പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ മഹേന്ദ്ര സിങ് സിസോദിയയുടെ ഭീഷണി.'ബിജെപിയില്‍ ചേരൂ. പതുക്കെ ഭരണകക്ഷിയുടെ ഭാഗമാകൂ, 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെയായിരിക്കും മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുക. മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ തയാറാണ്' എന്നാണ് മഹേന്ദ്ര സിങ് സിസോദിയ പ്രസംഗത്തിൽ പറഞ്ഞത്.
'ബിജെപിയിൽ ചേരൂ, അല്ലെങ്കിൽ ബുൾഡോസർ എത്തും'; മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ഭീഷണി
രാഘോഗഡ് നഗർ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മധ്യപ്രദേശ് പഞ്ചായത്ത് വകുപ്പ് മന്ത്രി മഹേന്ദ്ര സിങ് സിസോദിയ കോൺഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ഭീഷണി മുഴക്കിയത് . ബിജെപിയിൽ ചേരൂ അല്ലെങ്കിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു പരാമര്‍ശം
രാഘോഗഡ് നഗർ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം. പ്രസംഗത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളെ പോലെ മധ്യപ്രദേശ് സര്‍ക്കാരും വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ വീടിന്‍റെ അനധികൃതഭാഗങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. കുറ്റവാളികളോട് ഒരു സഹിഷ്‌ണുതയും ശിവരാജ്‌സിങ് ചൗഹാന്‍ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. 'മന്ത്രി, നിങ്ങളുടെ ബുൾഡോസർ ബ്രിട്ടീഷ് സാമ്രാജ്യത്തേക്കാള്‍ വലുതല്ലല്ലോ. ഞങ്ങൾ അവരുമായി യുദ്ധം ചെയ്‌തിട്ടുണ്ട്.' എന്നാണ് കോൺഗ്രസിന്‍റെ, മാധ്യമ ചുമതലയുള്ള കെകെ മിശ്ര ട്വിറ്ററിൽ കുറിച്ചത്. ജനുവരി 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.