ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബില്ലിനുമേലുള്ള ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിനെതിരെ സിപിഎം എംപി ജോൺ ബ്രിട്ടാസ്. ഈ റിപ്പോര്‍ട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇന്ന് (30 ജൂലൈ) രാജ്യസഭ ചെയർമാൻ ജഗ്‌ദീപ് ധന്‍ഖറിന് കത്തയച്ചു. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി, ജൂലൈ 26ന് ഭൂരിപക്ഷ തീരുമാന പ്രകാരം സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചതോടെയാണ് സിപിഎം രാജ്യസഭ എംപിയുടെ ഇടപെടല്‍.
ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബില്‍ സംബന്ധിച്ച് രാജ്യസഭയുടെ മുന്‍പാകെയുള്ള പാർലമെന്‍ററി കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനുള്ള അനുമതിയില്‍ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 'ഞാൻ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്‍റിന്‍റെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗമാണ്. ഇക്കഴിഞ്ഞ, ജൂലൈ 26ന് കമ്മിറ്റി, പൗരന്മാരുടെ ഡാറ്റ സുരക്ഷയും സ്വകാര്യതയും എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്.'
'ആ റിപ്പോര്‍ട്ടില്‍, ബില്ലിന്‍റെ പരിശോധനയെക്കുറിച്ചും ശുപാർശകളെക്കുറിച്ചുമുള്ള ഒരു റിപ്പോർട്ട് അടങ്ങിയിരിക്കുന്നു. ഈ ബില്‍ നാളിതുവരെ പാർലമെന്‍റിന്‍റെ ഇരുസഭകൾക്കും മുന്‍പാകെ അവതരിപ്പിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പുറമെ, രാജ്യസഭയുടെ ചെയർമാനോ സ്‌പീക്കര്‍ക്കോ സ്റ്റാൻഡിങ് കമ്മിറ്റിക്കോ അയച്ചിട്ടുപോലുമില്ല.' - ബില്‍ അവതരണം സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിഷേധാത്മക നിലപാട്, ജോണ്‍ ബ്രിട്ടാസ് എംപി കത്തിലൂടെ ചൂണ്ടിക്കാട്ടി.
രാജ്യസഭ ചട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്:ലോക്‌സഭ ചട്ടങ്ങളിലെ റൂൾ 331 ഇ (1) (ബി), 331 എച്ച് (എ), 331 എച്ച് (ബി), 270 (ബി) ആന്‍ഡ് 273 (എ) എന്നിവ ചുണ്ടിക്കാട്ടിയും എംപി വിമര്‍ശനം ഉന്നയിച്ചു. ഈ രാജ്യസഭ ചട്ടങ്ങള്‍ പ്രകാരം, ചെയർമാനോ സ്‌പീക്കറോ റഫർ ചെയ്യാത്ത ബില്ലുകൾ പരിശോധിക്കുന്നതിൽ നിന്ന് സ്റ്റാൻഡിങ് കമ്മിറ്റികളെ അനുവദിക്കുന്നതല്ല. ഇക്കാരണം കൊണ്ടുതന്നെ ജൂലൈ 26ന് അംഗീകാരം ലഭിച്ചെന്ന് പറയപ്പെടുന്ന റിപ്പോർട്ട് അസാധുവാക്കണമെന്നും ചട്ടങ്ങൾ നൽകുന്ന സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാര ദുര്‍വിനിയോഗമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും സഭകളില്‍ അവതരിപ്പിക്കാത്ത ബിൽ പരിശോധിക്കുന്നതിൽ നിന്ന് സ്റ്റാൻഡിങ് കമ്മിറ്റിയെ വിലക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു. ഈ ബില്ലിനെക്കുറിച്ചുള്ള വിശാലമായ രീതിയില്‍, അഭിപ്രായങ്ങളും ശുപാർശകളും ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, കമ്മിറ്റിയുടെ ത്വരിതഗതിയിലുള്ള നടപടി വിചിത്രമാണെന്നും ഇക്കാരണത്താല്‍ റിപ്പോർട്ട് അസാധുവാക്കേണ്ടതുണ്ടെന്നും ബ്രിട്ടാസ് കത്തില്‍ പറഞ്ഞു.
വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ ബില്ലിന്‍റെ ആദ്യ രൂപം ഇക്കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ബില്ലിന്‍റെ രണ്ടാം കരടാണ് കേന്ദ്രം അടുത്തിടെ മുന്നോട്ടുവച്ചത്. കേന്ദ്ര മന്ത്രിസഭയില്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍, സഭകളില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. 2000ലെ ഐടി നിയമം പിന്‍പറ്റിയാണ് ഡിജിറ്റല്‍ ഇന്ത്യ ബില്‍, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ എന്നിവ കൊണ്ടുവന്നത്. പുറമെയാണ് പുതിയ ബില്ലുമായി കേന്ദ്രം രംഗത്തെത്തിയത്.