ജോധ്പൂര്‍:രാജസ്ഥാനിലെ ജോധ്‌പൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 97 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്. ജില്ലയില്‍ കര്‍ഫ്യു കര്‍ശനമായി പാലിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചെറിയ സംഭവങ്ങള്‍ പോലും കൃത്യമായി നിരീക്ഷിക്കുകയാണെന്നും ക്രമസമാധാന ചുമതലയുള്ള രാജസ്ഥാന്‍ എഡിജിപി ഹവാ സിങ് ചുമാരിയ പറഞ്ഞു.
ജോധ്പൂര്‍ സംഘര്‍ഷം; ഇതുവരെ 97 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് - ജോധ്പൂര്‍ സംഘര്‍ഷത്തിലെ അറസ്റ്റ്
മതചിഹ്‌നങ്ങളുള്ള കൊടികള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയത്. സംഭവത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
അതേസമയം സംഘര്‍ഷത്തിലേക്ക് നയിച്ച സംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാജസ്ഥാന്‍ അധ്യക്ഷന്‍ സതീഷ് പൂനിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് കത്തയച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദേശം സംസ്ഥാന മന്ത്രിസഭയ്ക്ക് നല്‍കണമെന്നും കത്തില്‍ പൂനിയ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഈദ് പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് ജോധ്‌പൂരിലെ ജലോരി ഗേറ്റില്‍ സംഘര്‍ഷം ആരംഭിച്ചത്. മതചിഹ്‌നങ്ങളുള്ള കൊടികള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.
പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍, പരീക്ഷ ചുമതലയുള്ള അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് സഞ്ചരിക്കുന്നതിനായി കര്‍ഫ്യു ഉത്തരവില്‍ പൊലീസ് ഭേദഗതി വരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ജുഡീഷ്യല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സഞ്ചരിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നും പൊലീസ് അറിയിച്ചു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ലക്ഷ്യത്തോടെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട സാമൂഹ്യ വിരുദ്ധരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പൊലീസിന് നിര്‍ദേശം നല്‍കി. സമാധാനം സംരക്ഷിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്‌തു.