ദുംക(ജാർഖണ്ഡ്):ഡൽഹി യാത്രയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അടിവസ്‌ത്രം വാങ്ങാനായിരുന്നുവെന്ന് പരിഹാസ മറുപടി നൽകി ജെഎംഎം എംഎൽഎ ബസന്ത് സോറൻ. തന്‍റെ സഹോദരനായ ഹേമന്ത് സോറൻ നേതൃത്വം നല്‍കുന്ന സർക്കാർ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ഡല്‍ഹി സന്ദര്‍ശിച്ചതെന്തിനായിരുന്നുവെന്ന ചോദ്യത്തിനാണ് വിചിത്ര മറുപടി. ' ഞാൻ അടിവസ്‌ത്രങ്ങൾ വാങ്ങാറുള്ളത് ഡൽഹിയിൽ നിന്നാണ്, ഇപ്പോൾ എന്‍റെ പക്കലുള്ളവ കുറഞ്ഞു. അവ വാങ്ങുന്നതിനായാണ് ഡൽഹിയില്‍ പോയത്' എന്നായിരുന്നു എംഎൽഎയുടെ മറുപടി.
പിതാവും ജെഎംഎം മേധാവിയുമായ ഷിബു സോറന്‍റെ, ഖിസുരിയ ഗ്രാമത്തിലെ വസതിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഞ്ചിയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് അവിടെ പ്രക്ഷുബ്‌ധതയുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ ദിവസങ്ങൾ ചെലവഴിച്ചതിന് ശേഷം ജെഎംഎം, കോൺഗ്രസ് നിയമസഭാംഗങ്ങൾ റാഞ്ചിയിലേക്ക് തിരിച്ചെത്തിയിരുന്നു.