പൂനെ : മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ജിതേന്ദ്ര അവാദിനെ (Jitendra Awhad) നിയമിച്ചു. പൂനെയിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ എൻസിപി വിട്ട് ഞായറാഴ്‌ച എൻഡിഎ സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് തീരുമാനം.
എൻസിപി സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റ് ജയന്ത് പാട്ടീൽ പാർട്ടിയുടെ ചീഫ് വിപ്പായും പ്രതിപക്ഷ നേതാവായും നിയമിച്ചതായും എല്ലാ എംഎൽഎമാരും തന്‍റെ വിപ്പ് പാലിക്കേണ്ടതുണ്ടെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു. മുംബ്ര-കൽവ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ജിതേന്ദ്ര അവാദ്.
'എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെയും അന്വേഷണ ഭീഷണികൾക്കപ്പുറം ഈ എംഎൽഎമാർ മാറി നിൽക്കുന്നതിന് പിന്നിൽ മറ്റൊരു കാരണവും ഞാൻ കാണുന്നില്ല. കൈവിട്ടുപോയ പാർട്ടിയാണ് കഴിഞ്ഞ 25 വർഷമായി തങ്ങളെ മന്ത്രിമാരാക്കിയതെന്ന് ഈ നേതാക്കൾ ഓർക്കണമായിരുന്നു', ജിതേന്ദ്ര അവാദ് പറഞ്ഞു.
ശരദ് പവാറിന്‍റെ വിശ്വസ്‌തൻ : മുംബ്ര-കൽവ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിതേന്ദ്ര അവാദ് ശരദ് പവാറിന്‍റെ വിശ്വസ്‌തരിൽ ഒരാൾ കൂടിയാണ്. 2014ൽ പൃഥ്വിരാജ് ചവാന്‍റെ നേതൃത്വത്തിലുള്ള യുപിഎ ഗവൺമെന്‍റിലും, 2019 മുതൽ 2022 വരെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറിലും മെഡിക്കൽ വിദ്യാഭ്യാസ, ഹോർട്ടികൾച്ചർ കാബിനറ്റ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്നാണ് അവാദ് രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ ശരദ് പവാറിന്‍റെ അനുയായിയായിരുന്നു. നാഷണൽ സ്റ്റുഡന്‍റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) പ്രധാന നേതാവായിരുന്ന അദ്ദേഹം മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റുമായിരുന്നു.