ന്യൂഡൽഹി:ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച ജിതൻ റാം മാഞ്ചി. ദേശീയ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നിതീഷ് കുമാറിന്‍റെ ശ്രമത്തെയും മാഞ്ചി അഭിനന്ദിച്ചു.
എൻഡിഎയിൽ ചേരുന്ന കാര്യത്തിൽ ചോദ്യമൊന്നുമില്ലെന്നും ജീവിതകാലം മുഴുവൻ താൻ നിതീഷ് കുമാറിനൊപ്പമുണ്ടാകുമെന്നും മാഞ്ചി അറിയിച്ചു. 'നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന കാര്യത്തിൽ ഞാൻ പ്രതിജ്ഞ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും നിതീഷ് കുമാറിനുണ്ട്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ അദ്ദേഹം സത്യസന്ധമായ ശ്രമമാണ് നടത്തുന്നത്', മാഞ്ചി പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടുമെന്ന് കോൺഗ്രസ്, ജെഡിയു, ആർജെഡി എന്നീ പാർട്ടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്. പിന്നാലെ ഹിന്ദുസ്ഥാനി അവാം മോർച്ച എൻഡിഎയുമായി സഖ്യമുണ്ടാക്കിയേക്കും എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയുമായി സഖ്യമില്ലെന്ന കാര്യം മാഞ്ചി വ്യക്‌തമാക്കിയത്.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചാണ് മാഞ്ചി കൂടിക്കാഴ്‌ച നടത്തിയത്. യോഗത്തിൽ മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കൃഷ്‌ണ സിങ്, മൗണ്ടൻ മാൻ ദശരത് മാഞ്ചി എന്നിവർക്ക് ഭാരതരത്‌ന നൽകണമെന്ന ആവശ്യവും ജിതൻ റാം മാഞ്ചി ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തണമെന്ന ആവശ്യവും മാഞ്ചി അമിത് ഷായോട് ഉന്നയിച്ചതായാണ് വിവരം.